റോഡു നിർമാണത്തിന് മരം മുറിച്ചു ; കെഎസ്ടിപിക്കും കരാറുകാർക്കും എതിരേ കേസ്
1492702
Sunday, January 5, 2025 6:41 AM IST
കരിമണ്ണൂർ: മുണ്ട·ുടി-നാരങ്ങാനം ഭാഗത്ത് റോഡു നിർമാണത്തിനു തടസമായി നിന്നിരുന്ന മരങ്ങൾ നാട്ടുകാർ വെട്ടിയതിന്റെ പേരിൽ നിർമാണ കരാർ കന്പനി ജീവനക്കാർക്കെതിരേയും കെഎസ്ടിപിക്കെതിരേയും കേസെടുത്ത് വനംവകുപ്പ്. നെയ്യശേരി-തോക്കുന്പൻ സാഡിൽ റോഡു നിർമാണവുമായി ബന്ധപ്പെട്ട് വഴിയിൽ തടസമായി നിൽക്കുന്ന 29 പാഴ്മരങ്ങൾ വെട്ടി നീക്കണമായിരുന്നു.
ഇതിനായി കെഎസ്ടിപി അനുമതിക്കപേക്ഷിക്കുകയും പരിവേഷ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അപേക്ഷ നൽകി ഒരു വർഷം കഴിഞ്ഞിട്ടും മരം മുറിച്ചുനീക്കാൻ വനം വകുപ്പ് തയാറാകുകയോ ഇതിനുള്ള അനുമതി കരാർ കന്പനിക്കു നൽകുകയോ ചെയ്തില്ല.
ഇതിനിടെ റോഡരികിൽ ഏതു സമയവും മറിഞ്ഞുവീഴാവുന്ന വിധം അപകടാവസ്ഥയിൽ നിന്നിരുന്ന ചില മരങ്ങൾ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് കരിമണ്ണൂർ, വണ്ണപ്പുറം പഞ്ചായത്തുകളിലെ ട്രീ കമ്മിറ്റികൾ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്ക് അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ അപകടസ്ഥിതിയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതി ലഭിക്കുകയും ചെയ്തു.
എന്നാൽ ഇവ മുറിച്ചു മാറ്റുന്നതിനുള്ള തുക ആരു മുടക്കും എന്ന തർക്കം തുടർന്നു. ഇതോടെ അപകടസ്ഥിതിയിലായ മരങ്ങൾ നാട്ടുകാർ ചേർന്ന് മുറിച്ച് റോഡരികിൽ കൂട്ടിയിടുകയായിരുന്നു. ഇതിന്റെ പേരിലാണ് കരാർ കന്പനിക്കും ഉദ്യോഗസ്ഥർക്കുമെതിരേ കേസെടുത്തത്.
റോഡു നിർമാണത്തിനായി വിട്ടുനൽകിയ സ്ഥലം കെഎസ്ടിപിക്ക് കൈമാറിയതിനാൽ ഇതിലെ മരങ്ങൾ സംരക്ഷിക്കേണ്ട ചുമതല കെഎസ്ടിപിക്കും കരാർ കന്പനിക്കുമാണെന്നാണ് കാളിയാർ റേഞ്ച് ഓഫീസർ പറയുന്നത്. കൂടാതെ സംഭവം വനംവകുപ്പിനെ അറിയിച്ചില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതു പാലിക്കാത്തതിനാണ് കേസെടുത്തതെന്നും ഇവർ അറിയിച്ചു.
എന്നാൽ മരം മുറിച്ചവിവരം അന്നുതന്നെ കെഎസ്ടിപിയെ രേഖാമൂലം അറിയിച്ചിരുന്നെന്നും അവർ വനംവകുപ്പിനെ വിവരം ധരിപ്പിച്ചിരുന്നെന്നുമാണ് കരാറുകാർ പറയുന്നത്.
കൂടാതെ കൂടുതൽ പേരെത്തി ഡെയിഞ്ചർ പെറ്റീഷൻ അനുമതി കിട്ടിയ മരങ്ങൾ മുറിക്കുന്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നെന്നും ഇവർ പറയുന്നു. റോഡു നിർമാണം തുടങ്ങിയതു മുതൽ ഓരോരോ കാരണങ്ങൾ പറഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ നിർമാണം തടസപ്പെടുത്തുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിച്ചു.