വരകുകാലാ സ്റ്റീല്‍സ് സമരം: കല്ലാറില്‍ ലോഡ് കയറ്റാന്‍ വന്ന വാഹനം തടഞ്ഞു
1492710
Sunday, January 5, 2025 6:41 AM IST
നെടുങ്കണ്ടം: കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന വരകുകാലായില്‍ സാനിറ്ററീസിൽ ലോഡ് കയറ്റാനെത്തിയ വാഹനം ചുമട്ടുതൊഴിലാളി യൂണിയൻ സമരക്കാര്‍ തടഞ്ഞു. സ്ഥാപനത്തില്‍ ചുമട്ടുതൊഴിലാളികളെ ഒഴിവാക്കാനായി ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ജോലി നല്‍കിയതായി ആരോപിച്ച് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ സ്ഥാപനത്തിനു മുന്നിൽ 45 ദിവസമായി ചുമട്ടുതൊഴിലാളികൾ സമരത്തിലാണ്.
എന്നാല്‍, വ്യാപാരം തടസപ്പെടുത്താന്‍ യൂണിയനുകള്‍ക്ക് അവകാശമില്ലെന്നും വിഷയം കോടതിയുടെ പരിഗണനയിലാണെന്നും സ്ഥാപന ഉടമ ജോബി വരകുകാല പറഞ്ഞു. കോടതിയും നിയമവും അനുശാസിക്കുന്ന വ്യവസ്ഥകൾ അംഗീകരിക്കാന്‍ തയാറാണ്. തൊഴിലാളികള്ക്കെന്നതുപോലെ തൊഴില്‍ ദാതാക്കള്‍ക്കും നിയമം അവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് പാലിച്ചാണ് തങ്ങള്‍ ബിസിനസ് ചെയ്യുന്നത്. തങ്ങള്‍ തൊഴിലാളി വിരുദ്ധരാണെന്നുള്ള യൂണിയനുകളുടെ നിലപാട് ശരിയല്ല.
വര്‍ഷങ്ങളായി തങ്ങളുടെ സ്ഥാപനങ്ങളില്‍ നിരവധി തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. വാഹനം തടഞ്ഞുകൊണ്ട് യൂണിയനുകള്‍ ഇപ്പോള്‍ നടത്തുന്ന സമരം മൂലം വലിയ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പ്രശ്നത്തില്‍ ലേബര്‍ കമ്മീഷണര്‍ ഇതുവരെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും ജോബി പറഞ്ഞു.
ന്യായമായ തൊഴില്‍ അവകാശം ലഭിക്കുന്നതിനായി സമാധാനപരമായ സമരമുറകളാണ് നടത്തുന്നതെന്ന് യൂണിയൻ നേതാക്കളും പറയുന്നു. ധിക്കാരപരമായ സമീപനമാണ് സ്ഥാപന ഉടമയില്‍നിന്ന് ഉണ്ടാകുന്നത്.
ചര്‍ച്ചയ്ക്ക് ക്ഷണിക്കാന്‍ പോലും ഇവര്‍ തയാറാകുന്നില്ല. ഗോഡൗണുകളില്‍ കയറ്റിറക്ക് ജോലി ചെയ്യണമെങ്കില്‍ അറ്റാച്ച്ഡ് വിഭാഗം തൊഴിലാളികള്‍ക്കുള്ള കാര്‍ഡ് വേണം. അതില്ലാത്തവരെ ഉപയോഗിച്ചാണ് ഉടമ ജോലി ചെയ്യിക്കുന്നത്. ഉടമ പിടിവാശി വെടിഞ്ഞ് യഥാര്‍ഥ തൊഴിലാളികള്‍ക്ക് ജോലി നല്‍കണമെന്ന് സംയുക്ത സമര സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.