അതിശൈത്യത്തിന്റെ കുളിരിൽ മൂന്നാർ
1492823
Sunday, January 5, 2025 10:39 PM IST
മൂന്നാർ: ഡിസംബർ പാതിയോടെ എത്തിയിരുന്ന അതിശൈത്യം വരാൻ വൈകുകയാണെങ്കിലും കുളിരിൽ മൂന്നാർ തണുത്തു തുടങ്ങി. കഴിഞ്ഞ ദിവസം താപനില പൂജ്യം ഡിഗ്രി എത്തിയതോടെയാണ് ചില സ്ഥലങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെട്ടത്. ലോക്കാട്, മാനില, ഓൾഡ് ദേവികുളം, മാട്ടുപ്പെട്ടി, ചെണ്ടുവര, ലക്ഷ്മി എന്നിവിടങ്ങളിൽ തണുപ്പ് പൂജ്യം ഡിഗ്രിയിലെത്തി. ലക്ഷ്മി, സെവൻമല, കന്നിമല എന്നിവിടങ്ങളിൽ രണ്ടു ഡ്രിഗ്രിയായിരുന്നു താപനില. തണുപ്പ് ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് മൂന്നാറിൽ എത്തിക്കൊണ്ടിരിക്കുന്നത്.
മൂന്നാർ ടൗണിന്റെ പരിസരപ്രദേശങ്ങളിലും രാവിലെ തണുപ്പ് ആസ്വദിക്കാൻ നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. പഴയമൂന്നാർ ഹെഡ് വർക്സ് ഡാമിനു സമീപത്തും പോതമേട് വ്യൂ പോയിന്റിലും ചിത്രം പകർത്താനും കുളിരണിയാനും കുട്ടികളടക്കമുള്ളവർ എത്തുന്നുണ്ട്. എന്നാൽ, തണുപ്പ് മുൻ വർഷങ്ങളെ അപേക്ഷിച്ച് അല്പം കുറവാണ് എന്നതിൽ സഞ്ചാരികൾക്ക് നിരാശയുണ്ട്.
ആറു വർഷങ്ങൾക്ക് മുന്പ് തണുപ്പ് മൈനസ് നാലു ഡിഗ്രി വരെ എത്തിയിരുന്നു. രണ്ടു വർഷം മുന്പ് തണുപ്പ് മൈനസ് രണ്ടു ഡിഗ്രിയിൽ എത്തിയെങ്കിലും കഴിഞ്ഞ തവണ മൈനസ് ഒരു ഡിഗ്രി വരെയാണ് താപനില എത്തിയത്. വരുംനാളുകളിൽ അതിശൈത്യം വർധിക്കുമെന്നാണ് കണക്കുകൂട്ടൽ.