അതിഥിമന്ദിരങ്ങൾ ആകർഷകമാക്കും: മന്ത്രി മുഹമ്മദ് റിയാസ്
1492701
Sunday, January 5, 2025 6:41 AM IST
മൂന്നാർ: സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അതിഥി മന്ദിരങ്ങൾ മോടികൂട്ടി ആകർഷകമാക്കി അതിലൂടെ വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
മൂന്നാറിലെ സർക്കാർ അതിഥിമന്ദിരത്തോട് ചേർന്ന് വിനോദസഞ്ചാരവകുപ്പ് നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് കാലത്തിനു ശേഷം ആഗോള തലത്തിൽ ടൂറിസത്തിന് വലിയ തിരിച്ചടി ഉണ്ടായെങ്കിലും ഇടുക്കി ജില്ലയിൽ റെക്കോർഡ് വർധനവാണുണ്ടായത്. 2023ൽ 1,04,037 വിദേശ വിനോദസഞ്ചാരികൾ ഇടുക്കി സന്ദർശിച്ചു. ഇവരിലേറെയും മൂന്നാറിലാണ് എത്തിയതെന്നത് പ്രാധാന്യത്തോടെ കാണുന്നു.
ടൂറിസംരംഗത്ത് റവന്യു വരുമാനത്തിലും വലിയ വർധനവുണ്ടായി. മൂന്നാറിൽ സാഹസിക ടൂറിസത്തിന്റെ സാധ്യതകൾ പരിശോധിക്കും.
കേരളത്തിന്റെ വിനോദസഞ്ചാര മേഖലയെ നയിക്കാൻ പ്രാപ്തമാണ് ഇടുക്കിയും മൂന്നാറും. ടൂറിസം മേഖലയിൽ നടപ്പാക്കുന്ന സീപ്ലെയിൻ സർവീസിന്റെ പ്രധാന ഗുണഭോക്താവായി ഇടുക്കി മാറുമെന്നും മന്ത്രി പറഞ്ഞു. അഡ്വ. എ. രാജ എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ഭവ്യ കണ്ണൻ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, മൂന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ് ദീപ രാജ്കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ജാക്വിലിൻ മേരി തുടങ്ങിയവർ പ്രസംഗിച്ചു.
ഇടുക്കിയിലെ റോഡുകളുടെ വീതി വർധിപ്പിക്കും; മന്ത്രി
അടിമാലി: ഇടുക്കിയുടെ ടൂറിസം വികസനത്തിന് കരുത്താകുന്ന രീതിയില്‍ റോഡുകളുടെ വികസനം നടന്നുവരികയാണെന്നും റോഡുകളുടെ വീതി വര്‍ധിപ്പിക്കുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് മൂന്നാറില്‍ പറഞ്ഞു. സീ പ്ലെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശങ്കകള്‍ ചര്‍ച്ച ചെയ്ത് മുമ്പോട്ട് പോകും.
ഇടുക്കി ജില്ലാ രൂപംകൊണ്ട ശേഷം സര്‍വകാല റെക്കോഡില്‍ വിദേശ വിനോദസഞ്ചാരികള്‍ എത്തിയ വര്‍ഷമാണ് കഴിഞ്ഞ വര്‍ഷമെന്നും മന്ത്രി പറഞ്ഞു. മൂന്നാറിലെ അതിഥി മന്ദിരം ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.