സമ്പൂർണ ശുചിത്വം നടപ്പാക്കാൻ ഒരുങ്ങി നഗരസഭ
1492708
Sunday, January 5, 2025 6:41 AM IST
കട്ടപ്പന: പുതുവർഷത്തിൽ സമ്പൂർണ ശുചിത്വം നടപ്പാക്കാൻ ഒരുങ്ങി കട്ടപ്പന നഗരസഭ. നഗരത്തിലെ ജൈവ മാലിന്യ ശേഖരണത്തിന് അംഗീകൃത ഏജൻസിയെ ചുമതലപ്പെടുത്തി. വീടുകൾ, അപ്പാർട്ട്മെന്റുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ ഇനിമുതൽ യൂസർ ഫീ നൽകി മാലിന്യം കൈമാറുകയോ സ്വയം ശാസ്ത്രീയമായി സംസ്കരിക്കുന്ന സംവിധാനങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യണം.
മാലിന്യമുക്ത നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് മാർച്ച് 25നകം എല്ലാ സ്ഥാപനങ്ങളും ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്ന സംവിധാനങ്ങൾ സ്വയം ഏർപ്പെടുത്തുകയോ നഗരസഭ നിർദേശിക്കുന്ന ഏജൻസിയിലേക്ക് കൈമാറുകയോ ചെയ്യണം.
നഗരസഭാ പരിധിയിൽ കുറച്ച് സ്ഥാപനങ്ങൾക്ക് മാത്രമാണ് സ്വന്തമായി ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉള്ളത്. അല്ലാത്ത സ്ഥാപനങ്ങളും അപ്പാർട്ട്മെന്റുകളും ഇനിമുതൽ സർക്കാർ ചട്ടങ്ങൾ പാലിക്കുന്ന നഗരസഭ നിർദേശിച്ചിരിക്കുന്ന സ്വകാര്യ ഏജൻസിക്ക് മാലിന്യങ്ങൾ യൂസർ ഫീ നൽകി കൈമാറണം.
വീടുകൾക്കും അപ്പാർട്ട്മെന്റുകൾക്കും പ്രതിമാസം 750 രൂപയാണ് യൂസർ ഫി. വ്യാപാര സ്ഥാപനങ്ങൾക്ക് അഞ്ച് കിലോ വരെ 50 രൂപയും അഞ്ച് കിലോക്ക് മുകളിൽ ഓരോ കിലോഗ്രാമിനും ഏഴു രൂപ വീതവും നൽകണം. എല്ലാവർക്കും ഉൾക്കൊള്ളാവുന്ന തുകയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് നഗരസഭാ വൈസ് ചെയർമാൻ കെ.ജെ. ബെന്നി പറഞ്ഞു. നഗരസഭാ പരിധിയിൽ ടൗണിലും ടൗണിനോട് ചേർന്നുമുള്ള അപ്പാർട്ട്മെന്റ്, വിടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയാണ് പദ്ധതിയുടെ പരിധിയിൽ വരുന്നത്.
മുൻപ് അംഗീകാരം ഇല്ലാത്ത ഏജൻസികൾക്കായിരുന്നു പല സ്ഥാപനങ്ങളിൽനിന്നുമുള്ള ജൈവമാലിന്യം നൽകിയിരുന്നത്. എന്നാൽ സർക്കാർ ചട്ടമനുസരിച്ച് നഗരസഭ നിർദേശിക്കുന്ന ഏജൻസിക്ക് മാത്രമേ ഇത്തരത്തിൽ മാലിന്യം കൈമാറാൻ പാടുള്ളൂ എന്നും ജനുവരി ഒന്നു മുതൽ ഏഴ് വരെ വലിച്ചെറിയൽ വിരുദ്ധ വാരമായി ആചരിക്കുന്നുവെന്നും ഗ്രീൻ സിറ്റി മാനേജർ ജിൻസ് സിറിയക് പറഞ്ഞു.
ജൈവമാലിന്യ സംസ്കരണ സംവിധാനം ഇല്ലാത്ത വീടുകളും സ്ഥാപനങ്ങളും നിർബന്ധമായി പദ്ധതിയിൽ അംഗമാക്കേണ്ടതാണ്. നഗരസഭയുമായി ബന്ധപ്പെട്ട ലൈസൻസുകൾ അനുമതിപത്രങ്ങൾ എന്നിവ ഇനി മുതൽ ലഭ്യമാക്കുന്നതിന് ജൈവ മാലിന്യ സംസ്കരണ സംവിധാനം ഉറപ്പുവരുത്തണമെന്ന് സർക്കാർ നിർദേശിച്ചിട്ടുള്ളതിനാൽ പദ്ധതിയിൽ അംഗങ്ങളാവുകയോ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.