ഹെലികോപ്റ്ററിൽ ഇടുക്കിയിൽ കറങ്ങി ജെയ്സ്
1492709
Sunday, January 5, 2025 6:41 AM IST
തൊടുപുഴ: ഇടുക്കിക്കാർക്ക് കൗതുകമായി ഇന്നലെ ഹെലികോപ്റ്റർ ജില്ലയിൽ വട്ടമിട്ടു പറന്നു. അമേരിക്കൻ മലയാളിയും വണ്ടൻമേട് സ്വദേശിയുമായ ജെയ്സ് വർഗീസാണ് ഇന്നലെ ഹെലികോപ്റ്ററിൽ തൊടുപുഴയിലും വണ്ടൻമേട്ടിലും പറന്നിറങ്ങിയത്.
മൂന്നരപതിറ്റാണ്ടു മുന്പ് അമേരിക്കയിലെ കാലിഫോർണിയയിലേക്ക് കുടിയേറിയതാണ് ജെയ്സ് വർഗീസ്. അമേരിക്കയിൽ ജോലി ചെയ്തിരുന്ന മാതാവ് മോളി വർഗീസിനൊപ്പമാണ് അമേരിക്കയിലേക്ക് പോയത്.
എൻജനിയറിംഗ് പഠനത്തിനിടെയാണ് അമേരിക്കയിലേക്ക് പോയത്. അവിടെയെത്തി റിയൽ എസ്റ്റേറ്റ് ബിസിനസ് മാനേജ്മെന്റിൽ ഡിഗ്രിയെടുത്തു. തുടർന്ന് ബിസിനസിൽ സജീവമായി.
പിന്നീട് വണ്ടൻമേട്ടിൽനിന്നു പിതാവ് ജോർജ് വർഗീസിനെയും യുഎസിലേക്ക് കൊണ്ടുപോയി. ഇതിനിടെ തൊടുപുഴയിൽ 26 വർഷം മുന്പ് സ്ഥലം വാങ്ങി വീട് വയ്ക്കുകയും ചെയ്തു.
ചുരുങ്ങിയ സമയത്തിനുള്ളിൽ ഇടുക്കി മൊത്തമായി ചുറ്റിയടിക്കാൻ തീരുമാനിച്ചു. ഒപ്പം ജില്ലയുടെ ടൂറിസം സാധ്യതകളെക്കുറിച്ചൊരു പ്രാഥമിക പഠനവും ലക്ഷ്യമിട്ടിരുന്നു.
ഇന്നലെ രാവിലെ പത്തോടെ തൊടുപുഴ ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽനിന്നു പറന്നുയർന്ന ഹെലികോപ്റ്റർ വണ്ടൻമേട് എംഇഎസ് ഹൈസ്കൂൾ ഗ്രൗണ്ടിലാണ് ലാൻഡ് ചെയ്തത്. ഇവിടെനിന്നു കാർ മാർഗം കുഴിത്തൊളു സ്കൂളിലും ജൻമനാട്ടിലുമൊക്കെ സന്ദർശനം നടത്തിയ ശേഷമാണ് തൊടുപുഴയിലേക്ക് തിരികെ പറന്നിറങ്ങിയത്. തൊടുപുഴയിലും വണ്ടൻമേട്ടിലും നിരവധിയാളുകൾ ഹെലികോപ്റ്റർ അടുത്ത് കാണാനും ചിത്രം പകർത്താനുമെത്തിയിരുന്നു.
ഇപ്പോൾ സൗത്ത് അമേരിക്കയിലും കൊളംബിയയിലും ഉൾപ്പെടെ ജെയ്സ് വർഗീസിന് ബിസിനസുണ്ട്. ഇടുക്കിയിലെ ടൂറിസം രംഗത്ത് സജീവമാകാനുള്ള നീക്കത്തിലാണ് ഇദ്ദേഹം. ഇതിന്റെ ഭാഗമായി കാഞ്ഞാറിൽ ഭൂമി വാങ്ങിക്കഴിഞ്ഞു. ഇടുക്കിയിലെ ഭൂപ്രകൃതിയുടെ ദൃശ്യ ഭംഗി ആസ്വദിക്കാനായി അമേരിക്കയും കൊളംബിയയും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നു നിരവധിയാളുകൾ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനായി ഹെലികോപ്ടർ യാത്ര സജ്ജീകരിക്കാനുള്ള ഒരുക്കത്തിന്റെ മുന്നോടിയായിരുന്നു കഴിഞ്ഞ ദിവസത്തെ യാത്ര.
ബംഗളൂരു ആസ്ഥാനമായുള്ള സഞ്ചയ് ഗൗഡ ഗ്രൂപ്പിന്റെ ഹെലികോപ്ടറാണ് ഇതിനായി ഉപയോഗിച്ചത്. രണ്ട് മണിക്കൂറിലധികം നീണ്ട യാത്രയിൽ തൊടുപുഴ, ഇടുക്കി ഡാം, കട്ടപ്പന, വാഗമണ്, കുമളി, തമിഴ്നാട് അതിർത്തി ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്ക് മുകളിലൂടെ പറക്കാനും കാഴ്ചകൾ പകർത്താനുമായി. ഭോപ്പാലിൽ ജനിച്ച് വളർന്ന വീന വർഗീസാണ് ഭാര്യ. ജോഷ്വയും ജോനാഥനുമാണ് മക്കൾ. 15ന് യുഎസിലേക്ക് മടങ്ങുമെങ്കിലും ഓണത്തിന് വീണ്ടും വരുമെന്ന് ജെയ്സ് വർഗീസ് പറഞ്ഞു.