ദനഹാ: ദീപാലംകൃതമായി കാഞ്ഞിരപ്പള്ളി പഴയപള്ളി
1492827
Sunday, January 5, 2025 10:39 PM IST
കാഞ്ഞിരപ്പള്ളി: ദനഹാത്തിരുനാളിനോടനുബന്ധിച്ച് ദീപാലംകൃതമായി കാഞ്ഞിരപ്പള്ളി പഴയപള്ളി. ഇരുളകറ്റി ലോകത്തിന് പ്രകാശമായ ഈശോ മിശിഹായുടെ പ്രത്യക്ഷീകരണത്തെ അനുസ്മരിച്ച് തെളിയിച്ച ദീപങ്ങൾ പഴയപള്ളി പരിസരത്തെ വർണാഭമാക്കി. ഈശോയുടെ മാമ്മോദീസയെയും പ്രത്യക്ഷീകരണത്തെയും അനുസ്മരിക്കുന്ന തിരുനാളാണ് ദനഹാത്തിരുനാൾ.
വൈകുന്നേരം ആറിന് നടത്തപ്പെട്ട റംശ നമസ്കാരത്തിന് ബിഷപ് മാർ ജോസ് പുളിക്കൽ കാർമികത്വം വഹിക്കുകയും റംശ നമസ്കാരത്തിലെ ദീപം തെളിക്കൽ ശുശ്രൂഷയോടനുബന്ധിച്ച് ഈശോ മിശിഹായുടെ മനുഷ്യാവതാര ജൂബിലിയുടെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ഇടവക തല വർഷാചരണത്തിന് ആരംഭം കുറിക്കുകയും ചെയ്തു.
ഈശോ മിശിഹായാകുന്ന വെളിച്ചത്തെ സൂചിപ്പിച്ചുകൊണ്ട് അലങ്കരിക്കപ്പെട്ട പിണ്ടിയിൽ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ തിരി തെളിച്ചു. ലോകത്തിന്റെ പ്രകാശമായ ഈശോമിശിഹായിലുള്ള വിശ്വാസത്തിലൂടെ ഇരുളിനെ അകറ്റുകയും ലൗകിക താത്പര്യങ്ങളുടെ നുറുങ്ങു വെട്ടത്തിൽ വഴി നടക്കാനുള്ള പ്രലോഭനങ്ങളെ അതിജീവിക്കുകയും ചെയ്യുവാൻ നമുക്ക് സാധിക്കണമെന്ന് ദനഹത്തിരുനാൾ റംശ നമസ്കാരത്തിലെ വചനസന്ദേശത്തിൽ മാർ ജോസ് പുളിക്കൽ ഓർമിപ്പിച്ചു.
കാഞ്ഞിരപ്പള്ളി രൂപത വിശ്വാസ പരിശീലന കേന്ദ്രമായ സുവാറ, നസ്രാണി മാർഗം കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓർമയിലെ ദനഹാ എന്ന പേരിൽ ദനഹാത്തിരുനാളാചരണാനുഭവങ്ങൾ പങ്കുവയ്ക്കുന്നതിന് രൂപത തലത്തിൽ അവസരമൊരുക്കിയിരുന്നു.
കത്തീഡ്രലിലെ ക്രമീകരണങ്ങൾക്ക് വികാരിയും ആർച്ച് പ്രീസ്റ്റുമായ ഫാ. വർഗീസ് പരിന്തിരിക്കൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, ഫാ. ജേക്കബ് ചാത്തനാട്ട്, സന്യാസിനികൾ, വിശ്വാസ ജീവിത പരിശീലകർ, വിവിധ സംഘടന പ്രതിനിധികൾ, യുവജനങ്ങൾ എന്നിവർ നേതൃത്വം നൽകി.