കാട്ടാന ആക്രമണം: പ്രതിരോധം ഉൗർജിതമാക്കാൻ തീരുമാനം
1492703
Sunday, January 5, 2025 6:41 AM IST
തൊടുപുഴ: കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട മുള്ളരിങ്ങാട് വനാതിർത്തിയോടു ചേർന്ന ജനവാസമേഖലയിൽ അടിയന്തരമായി ഫെൻസിംഗ് സ്ഥാപിക്കാൻ തീരുമാനം.
കാട്ടാന ശല്യത്തിന്റെ പശ്ചാത്തലത്തിൽ വനാതിർത്തിയോട് ചേർന്ന ജനവാസ മേഖലയിൽ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്നലെ തൊടുപുഴയിൽ പി.ജെ. ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് കാട്ടാനശല്യത്തെ പ്രതിരോധിക്കാനുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ തീരുമാനമെടുത്തത്.
വനാതിർത്തിയോടനുബന്ധിച്ച് 10 കിലോമീറ്ററോളം ദൂരത്തിൽ ഫെൻസിംഗ് സ്ഥാപിക്കേണ്ടിവരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. നിർമാണത്തിനായി 10 ലക്ഷം രൂപ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നു നൽകുമെന്ന് പി.ജെ. ജോസഫും എട്ടു ലക്ഷം രൂപ എംപി ഫണ്ടിൽനിന്നു നൽകാമെന്ന് ഡീൻ കുര്യാക്കോസ് എംപിയും അറിയിച്ചു.
ബാക്കി വരുന്ന തുക അനുവദിക്കുന്ന കാര്യം ജില്ലാ കളക്ടറുമായി ആലോചിച്ച് നടപടി കൈക്കൊള്ളാമെന്ന് സബ് കളക്ടർ യോഗത്തിൽ അറിയിച്ചു. കോതമംഗലം, മൂന്നാർ വനം ഡിവിഷനുകളുടെ പരിധിയിൽ വരുന്ന മേഖലയായതിനാൽ സംയുക്ത പദ്ധതി തയാറാക്കണമെന്നും നിർദേശമുയർന്നു.
എന്നാൽ കൂടുതൽ ജനങ്ങൾ താമസിക്കുന്ന നാലു കിലോമീറ്റർ ദൂരത്തിൽ അടിയന്തരമായി ഫെൻസിംഗ് നിർമാണം പൂർത്തിയാക്കണമെന്ന് യോഗത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ആനകൾ ജനവാസമേഖലയ്ക്കടുത്ത് ഇപ്പോഴും തുടരുന്നതിനാൽ താമസം കൂടാതെ നിർമാണം നടത്തണമെന്ന് ജനപ്രതിനിധികളും അറിയിച്ചു. വനാതിർത്തിയിൽ വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ നിർമിച്ച ട്രഞ്ചുകൾ മണ്ണ് മൂടിയ നിലയിലാണെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.
ഫെൻസിംഗ് സ്ഥാപിക്കാനുള്ള വിശദമായ എസ്റ്റിമേറ്റ് ഉടൻ തയാറാക്കാൻ മുള്ളരിങ്ങാട് റേഞ്ച് ഓഫീസർക്ക് നിർദേശം നൽകി. എസ്റ്റിമേറ്റ് ലഭിച്ചാൽ ഉടൻ പദ്ധതി നിർദേശം കളക്ടർക്ക് നൽകും. നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും നിർദേശിച്ചു. അവശേഷിക്കുന്ന കാട്ടാനകളെ ഉൾവനത്തിലേയ്ക്ക് കയറ്റിവിടുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കണമെന്നും വനപ്രദേശങ്ങളോടു ചേർന്ന് അടിക്കാടുകൾ വെട്ടിത്തെളിക്കുന്ന ജോലി ഉടൻ തുടങ്ങണമെന്നും പി.ജെ. ജോസഫ് എംഎൽഎ നിർദ്ദേശിച്ചു. ആർആർടി സംഘത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നും മുള്ളരിങ്ങാട് മേഖലയിൽ വനംവകുപ്പ് നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.
സബ് കളക്ടർ അനൂപ് ഖാർഗ്, കോതമംഗലം ഡിഎഫ്ഒ പി.യു.സാജു, ജില്ലാ പഞ്ചായത്ത് മെംബർ ഷൈനി റെജി, പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജു, തഹസിൽദാർ സക്കീർ, മുള്ളരിങ്ങാട് റേഞ്ച് ഓഫീസർ ടോമിൻ ജെ. അരഞ്ഞാണി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രവി കൊച്ചിടക്കുന്നേൽ, അഡ്വ. ആൽബർട്ട് ജോസ്, പഞ്ചായത്ത് മെംബർ ജിജോ ജോസഫ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി കളപ്പുര, അമയൽതൊട്ടി സൗഹൃദക്കൂട്ടായ്മ പ്രസിഡന്റ് ജോജോ തോമസ്, കമ്മിറ്റിയംഗം നിസാർ എന്നിവർ പങ്കെടുത്തു.
ആനത്താരയിൽ റാംപ് നിർമിക്കാൻ ആലോചന
വാളറ തൊട്ടിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി വാളറ മുതൽ നീണ്ടപാറ വരെ പെൻസ്റ്റോക്ക് പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. പെൻസ്റ്റോക്ക് പൈപ്പുകൾ മറി കടന്ന് ഉൾവനങ്ങളിലേക്ക് കാട്ടാനകൾക്ക് കടന്നുപോകാൻ കഴിയുന്നില്ലായെന്നത് പ്രതിസന്ധിയാണ്.
പെൻസ്റ്റോക്ക് പൈപ്പ് കടന്നുപോകുന്ന വഴിയിൽ ആനയുടെ സ്വാഭാവിക സഞ്ചാരം സുഗമമാക്കാൻ റാംപ് നിർമിക്കുന്ന കാര്യം വനംവകുപ്പ് ആലോചിച്ചുവരികയാണെന്ന് ഡിഎഫ്ഒ വ്യക്തമാക്കി . മൂന്നുവർഷം മുന്പ് വരെ മുള്ളരിങ്ങാട് മേഖലയിൽ കാട്ടാന ശല്യം ഉണ്ടായിരുന്നില്ല . ഇവിടെ വനംവകുപ്പിന്റെ പട്രോളിംഗ് ശക്തമാക്കാനും കൂടുതൽ വാച്ചർമാരെ നിയമിക്കുന്ന കാര്യവും പരിഗണനയിൽ ഉണ്ടെന്നും ഡിഎഫ്ഒ വ്യക്തമാക്കി.
ആനകൾ പ്രദേശത്ത് തുടരുന്നു
കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ അമയൽതൊട്ടി പാലിയത്ത് അമർ ഇബ്രാഹിം കൊല്ലപ്പെട്ട മേഖലയിൽ ഇപ്പോഴും മൂന്ന് ആനകളുടെ സാന്നിധ്യമുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഏറെ അകലെയല്ലാതെ മൂന്ന് ആനകളുമുണ്ട്. തലക്കോട്-മുള്ളരിങ്ങാട് റോഡിന്റെ ഒരു ഭാഗം ജനവാസ മേഖലയും മറുവശം തേക്ക് പ്ലാന്റേഷനുമാണ്. ഇവിടെ ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സിംഗിൾ ലെയർ ആയതിനാൽ ഇതു മറികടന്ന് കാട്ടാന ജനവാസ മേഖലയിലേക്ക് വീണ്ടും എത്താനുള്ള സാധ്യത ഏറെയാണ്.
ഇതിനു പുറമേ മുള്ളരിങ്ങാട് പള്ളിക്കു സമീപം ബ്ലാവടി ഭാഗത്തും ഫെൻസിംഗ് സ്ഥാപിച്ചിട്ടില്ല. ഇതുവഴിയും കാട്ടാനകൾ കടന്നുവരാനുള്ള സാധ്യതയുണ്ട്. കാട്ടാനശല്യം കൂടുതലുള്ള ചെന്പൻകുഴി, നീണ്ടപാറ ഭാഗത്തും കാഞ്ഞിര വേലി ഭാഗത്തും ഫെൻസിംഗ് സ്ഥാപിക്കുന്ന ജോലികൾ നടന്നുവരികയാണെങ്കിലും പൂർത്തിയായിട്ടില്ല.
കാഞ്ഞിരവേലി ഭാഗത്ത് വീട്ടമ്മ കാട്ടാന ആക്രമണത്തിൽ മരിച്ചിരുന്നു. ഡബിൾ ലെയർ ഉള്ള ഫെൻസിംഗ് സ്ഥാപിച്ചാൽ മാത്രമേ കാട്ടാനകൾ ഇതിനെ മറി കടക്കാതിരിക്കു. ഇതിനു ചെലവേറുമെന്നതിനാൽ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ഫണ്ട് പൂർണമായ തോതിൽ ഫെൻസിംഗ് സ്ഥാപിക്കാൻ അപര്യാപ്തമാണ്. ഇതിനിടെ മുള്ളരിങ്ങാട് ഭാഗത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ രണ്ടു കിലോമീറ്റർ ദൂരം ഫെൻസിംഗ് സ്ഥാപിച്ചിരുന്നു.