ശാന്തിഗ്രാം സ്റ്റേഡിയത്തിന്റെ നവീകരണജോലികൾ തുടങ്ങി
1492824
Sunday, January 5, 2025 10:39 PM IST
കട്ടപ്പന: സംസ്ഥാന കായികവകുപ്പിന്റെ "ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി പ്രകാരം ഒരുകോടി രൂപ വിനിയോഗിച്ച് ശാന്തിഗ്രാം സ്റ്റേഡിയത്തിന്റെ നവീകരണ ജോലികൾ ആരംഭിച്ചു. സംസ്ഥാന കായിക യുവജനകാര്യ വകുപ്പിന്റെ ധനസഹായവും എം.എം. മണി എംഎൽഎയുടെ ആസ്തിവികസന ഫണ്ടും ഉപയോഗിച്ചാണ് സ്റ്റേഡിയം ഒരുക്കുന്നത്.
ഇരട്ടയാർ പഞ്ചായത്തിനകത്തും പുറത്തും ഉള്ള കായികതാരങ്ങളും ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥികളും കായികപരിശീലനം നടത്തുന്ന മൈതാനമാണിത്. നിലവിൽ മൈതാനം നിരപ്പാക്കുന്ന ജോലികളാണ് നടക്കുന്നത്. തുടർന്ന് സംരക്ഷണഭിത്തി നിർമിക്കും. മൂന്നു വർഷങ്ങൾക്കുള്ളിൽ ഫെൻസിംഗ്, ഫ്ളഡ് ലിറ്റ് സിസ്റ്റം എന്നിവ നിർമിക്കും. പണികൾ പൂർത്തിയാകുന്നതോടെ ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ് ഷട്ടിൽ ബാഡ്മിന്റൺ, അത്ലറ്റിക്സ് തുടങ്ങിയ മത്സരങ്ങൾ ഇവിടെ നടത്താനാകും.
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് വിളയിൽ, വൈസ് പ്രസിഡന്റ് രജനി സജി, ജിൻസൺ വർക്കി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസ്കുട്ടി കണ്ടമുണ്ടയിൽ, ലാലച്ചൻ വെള്ളക്കട, പഞ്ചായത്തംഗം ജോസുകുട്ടി അരിപ്പറമ്പിൽ, ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷൻ പ്രസിഡന്റ് പി.എസ്. ഡൊമിനിക് എന്നിവരുടെ നേതൃത്വത്തിലാണ് നിർമാണജോലികൾ പുരോഗമിക്കുന്നത്.