ജനവാസ മേഖലയിൽ വീണ്ടും കാട്ടാനകൾ ; വാഹനങ്ങൾ തടഞ്ഞ് ഒറ്റയാൻ
1461538
Wednesday, October 16, 2024 6:20 AM IST
മറയൂർ: കാന്തല്ലൂർ മേഖലയിൽ കാട്ടാനക്കൂട്ടങ്ങളുടെ ആക്രമണം വ്യാപകമായി തുടരുന്നു. വനം വകുപ്പിന്റെ ദൗത്യസംഘം ഒട്ടേറെ ആനകളെ വനത്തിലേക്ക് കടത്തിവിട്ടു എന്ന് പറയുമ്പോഴാണ് കഴിഞ്ഞ ദിവസങ്ങളിലും ജനവാസ മേഖലയിൽ കാട്ടാനകൾ കറങ്ങി നടക്കുന്നതും നാശനഷ്ടം വരുത്തുന്നതും.
ശനിയാഴ്ച രാത്രി മറയൂർ - കാന്തല്ലൂർ റോഡിൽ നാത്തപ്പാറ ഭാഗത്ത് റോഡിൽനിന്നിരുന്ന ഒറ്റയാൻ വാഹനങ്ങൾ തടഞ്ഞ് ആക്രമണത്തിനു ശ്രമം നടത്തി. പിന്നീട് ഒരു വശത്തേക്ക് മാറിയതോടെയാണ് വാഹനങ്ങൾ കടന്നുപോയത്. പൂജ അവധിക്ക് മറയൂർ, കാന്തല്ലൂർ മേഖലയിലെത്തിയ വിനോദസഞ്ചാരികൾക്കു നേരേയാണ് കാട്ടാനകളുടെ ആക്രമണ ശ്രമം ഉണ്ടായത്.
ഒരാഴ്ചയായി സ്ഥിരമായി കാന്തല്ലൂരിലെ അയ്യപ്പക്ഷേത്രം പരിസരത്തുനിന്ന് എത്തുന്ന കാട്ടാനക്കൂട്ടം രണ്ടായിരത്തോളം വാഴ നശിപ്പിച്ചു. ക്ഷേത്രത്തിന് പുറകുവശത്ത് ഉണ്ടായിരുന്നു ഷെഡും തകർത്തു. രണ്ടാഴ്ചകൾക്കു മുൻപ് പാമ്പൻപാറയിൽ ഒരാളെ കാട്ടാന ആക്രമിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ പയസ് നഗർ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിക്കുകയും രാപ്പകൽ സമരം നടത്തുകയും ചെയ്തതോടെ കാട്ടാനകളെ അടിയന്തരമായി ജനവാസ മേഖലയിൽനിന്നു വനത്തിലേക്ക് തുരത്തുമെന്ന് വനംവകുപ്പ് ഉറപ്പു നൽകിയിരുന്നതുമാണ്.
ജനകീയ സമിതി, വനവകുപ്പ് ജീവനക്കാർ, ആർആർടി എന്നിവരുൾപ്പെട്ട 80 അംഗ സംഘം മണിക്കൂറുകൾ പണിപ്പെട്ട് അഞ്ച് ആനകളെ വനാതിർത്തി കടത്തിവിട്ടതായി വനംവകുപ്പ് അറിയിച്ചിരുന്നു. എന്നാൽ, ഈ ആനകളെല്ലാം വീണ്ടും എത്തിയതായാണ് പ്രദേശവാസികൾ പറയുന്നത്.
ജനകീയസമിതി വീണ്ടും പ്രതിഷേധത്തിലേക്ക്
കാന്തല്ലൂർ ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ കാടുകയറ്റിയിട്ടും വീണ്ടും ജനവാസമേഖലകളിൽ എത്തുന്നതു തടയാൻ നടപടി സ്വീകരിക്കണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു. മൂന്നുദിവസത്തെ സമരത്തിനൊടുവിലാണ് കുറച്ച് ആനകളെ വനത്തിലേക്ക് തുരത്തിയത്. എന്നാൽ, ഈ ആനകൾ വീണ്ടും ജനവാസ മേഖലയിൽ എത്തി നാശം വരുത്തുകയാണ്. ആർആർടി രാത്രികാല നിരീക്ഷണം നടത്തുന്നുണ്ടെന്നു പറയുന്നുണ്ടെങ്കിലും ഫലമുണ്ടാകുന്നില്ലെന്ന് ജനകീയസമിതി അംഗങ്ങൾ ആരോപിച്ചു.
കാട്ടാനശല്യം കുറയ്ക്കാൻ മുളകൾ നട്ട് വനംവകുപ്പ്
മറയൂർ: ചന്നാർ വന്യജീവി സങ്കേതത്തിൽനിന്ന് ജനവാസ മേഖലകളിലേക്ക് കാട്ടാനകൾ എത്തുന്നത് തടയാൻ വനത്തിനുള്ളിൽ തന്നെ ആനകൾക്കു തീറ്റയ്ക്കായി മുള വച്ചുപിടിപ്പിക്കുന്നു. പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമാണ് മുളകൾ വിലയ്ക്കു വാങ്ങിയത്. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ കെ.വി. ഹരികൃഷ്ണന്റെ നിർദേശ പ്രകാരമാണ് ജനവാസ മേഖലയിലേക്ക് കടന്നുവരുന്ന ആനത്താരകൾ ഉള്ള കരിമുട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ വണ്ണാന്തുറ, പാളപ്പെട്ടി എന്നിവിടങ്ങളിൽ മുള നടുന്നത്. 500 തൈകളാണ് വച്ചു പിടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്നു വർഷങ്ങളായി മറയൂർ - കാന്തല്ലൂർ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. ആക്രമണവും കൂടുകയാണ്. കാട്ടാന ശല്യത്തിനെതിരേ രണ്ടാഴ്ച മുൻപ് വൻ പ്രതിഷേധ സമരങ്ങൾ പ്രദേശത്ത് നടന്നിരുന്നു. ഇതെത്തുടർന്ന് ജില്ലാ കലക്ടർ വി. വിഘനേശ്വരിയുടെ അധ്യക്ഷതയിൽ മറയൂർ ചന്ദന ഡിവിഷൻ, ചിന്നാർ വന്യജീവി സങ്കേതം അധികൃതരും കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്ത യോഗ തീരുമാനമനുസരിച്ചാണ് മുള നടുന്നത്.