വ്യാപാരിയുടെ ആത്മഹത്യ: വ്യാപക പ്രതിഷേധം
1488761
Saturday, December 21, 2024 3:57 AM IST
കട്ടപ്പന: കട്ടപ്പന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റൂറല്‍ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകനായ വ്യാപാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തി. കട്ടപ്പന പള്ളിക്കവലയിലെ വെറൈറ്റി ഗിഫ്റ്റ് ആൻഡ് ഫാൻസി ഷോപ്പ് ഉടമ മുളങ്ങാശേരിയില്‍ സാബു(56)വിനെയാണ് സൊസൈറ്റിയുടെ ഓഫീസിനു മുന്നിൽ തൂങ്ങിമരിച്ച നിലയില്‍ വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്.
സംഭവത്തെത്തുടർന്ന് കോൺഗ്രസ്, ബിജെപി പ്രവർത്തകരും വ്യാപാരി വ്യവസായി ഏകോപന സമിതിയും സൊസൈറ്റിക്ക് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംഭവത്തിന് ഉത്തരവാദികൾ സിപിഎം പ്രവർത്തകരും ബാങ്ക് ജീവനക്കാരും ആണെന്ന് ആരോപിച്ച് സൊസൈറ്റിക്ക് മുൻപിലുള്ള തൊടുപുഴ-പുളിയന്മല സംസ്ഥാനപാത പ്രതിഷേധക്കാർ ഉപരോധിച്ചു. മണിക്കൂറുകളോളം ഗതാഗതം പൂർണമായി തടസപ്പെട്ടു. തുടർന്ന് കട്ടപ്പന നഗരത്തിൽ ഉച്ചയ്ക്ക്ഒന്നുമുതൽ വൈകുന്നേരം അഞ്ചുവരെ ഹർത്താൽ ആചരിച്ചു.
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ബാങ്കിന്റെ ബോർഡുകൾ പിഴുതെറിഞ്ഞു. രാവിലെ പോലീസ് തുടർനടപടികൾക്കായി മൃതദേഹം കൊണ്ടുപോകാൻ നടപടി സ്വീകരിച്ചിരുന്നെങ്കിലും സമരക്കാർ അനുവദിച്ചില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ആർഡിഒയും ജില്ലാ കളക്ടറും സ്ഥലത്തെത്തിയെങ്കിൽ മാത്രമേ മൃതദേഹം വിട്ടുനൽകൂവെന്ന നിലപാടിലായിരുന്നു സമരക്കാർ.
തുടർന്ന് പീരുമേട് ഡിവൈഎസ്പി വിശാൽ ജോൺസൺ സമരക്കാരും സാബുവിന്റെ ബന്ധുക്കളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് മൃതദേഹം മാറ്റാൻ സമരക്കാർ അനുവദിച്ചത്. തുടർന്ന് ആറുമണിക്കൂറിന് ശേഷമാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്.
കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിച്ചെങ്കിൽ മാത്രമേ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം സംസ്കരിക്കൂവെന്നും വീഴ്ച വരുത്തിയാൽ മൃതദേഹവുമായി പോലീസ് സ്റ്റേഷൻ ഉപരോധിക്കും എന്നുമാണ് സമരക്കാരും പോലീസും നടത്തിയ ചർച്ചയിൽ ധാരണയിലായത്.
മുൻപ് കോൺഗ്രസ് ഭരണത്തിലായിരുന്ന സൊസൈറ്റി കഴിഞ്ഞ നാലു വർഷമായി സിപിഎം ഭരണത്തിലാണ്.
സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണങ്ങൾ ബാങ്ക് ഭരണസമിതിയും ജീവനക്കാരും പുറത്തു വിട്ടിട്ടില്ല. സംഭവത്തിൽ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും അസ്വാഭാവിക മരണത്തിന് മാത്രമാണ് പോലീസ് കേസെടുത്തിട്ടുള്ളതെന്നും സമരക്കാർ ആരോപിച്ചിരുന്നു.
വിവിധ മേഖലകളിൽനിന്നായി സമരക്കാർ കൂട്ടം കൂടിയെത്തിയതോടെ വിവിധ പോലീസ് സ്റ്റേഷനുകളിൽനിന്നായി നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥരാണ് മേഖലയിൽ എത്തിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് രാത്രി വൈകിയും പോലീസ് സൊസൈറ്റിക്ക് മുമ്പിൽ തമ്പടിച്ചിരിക്കുകയാണ്.