ഷെഫീക്കിനെതിരേ നടന്നത് കരൾപിളരും ക്രൂരത
1488756
Saturday, December 21, 2024 3:57 AM IST
തൊടുപുഴ: കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച ഷെഫീക്കിനെതിരേയുള്ള ക്രൂരകൃത്യം നടന്നത് 2013 ജൂലൈയിൽ കുമളി ചെങ്കരയിലായിരുന്നു. ഒന്നാംപ്രതിയായ ഷെരീഫിന്റെ ആദ്യ ഭാര്യയിലുണ്ടായ രണ്ടു മക്കളിൽ ഇളയ കുട്ടിയായിരുന്നു ഷെഫീക്ക്. അന്യമതത്തിൽപ്പെട്ടയാളായിരുന്നു ആദ്യ ഭാര്യ. ഇവരുടെ മതത്തിൽപ്പെട്ടയാളാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഷെരീഫ് ഇവരെ വിവാഹം കഴിച്ചത്. പിന്നീട് യുവതിയെ മതം മാറാൻ ഷെരീഫ് നിർബന്ധിച്ചതോടെ ഇവർ മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് പോയി.
പിന്നീടാണ് അനീഷയെ ഷെരീഫ് വിവാഹം ചെയ്യുന്നത്. മൂത്ത കുട്ടി അനാഥമന്ദിരത്തിലും ഇളയകുട്ടി ഇവർക്കൊപ്പവുമായിരുന്നു കഴിഞ്ഞിരുന്നത്. അനീഷ പിന്നീട് ഷെഫീക്കിനെ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കുട്ടിയെ ഉപദ്രവിച്ചു തുടങ്ങി. പല ദിവസങ്ങളിലും സമാനതകളില്ലാത്ത കൊടിയ മർദനംതന്നെ പിഞ്ചു കുഞ്ഞിന് ഏൽക്കേണ്ടി വന്നു.
ഷെരീഫും അനീഷയും ചേർന്ന് കുട്ടിയുടെ ഇടതു കാൽമുട്ട് ഇരുന്പ് കുഴൽ കൊണ്ട് അടിച്ചൊടിച്ചു. നിലത്തുവീണ കുട്ടിയുടെ നെഞ്ചു ഭാഗത്ത് ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. രണ്ടാനമ്മ കുട്ടിയുടെ തല ഭിത്തിയിൽ ഇടിപ്പിച്ച് തലച്ചോറിനു ക്ഷതം ഏൽപ്പിച്ചു. സ്റ്റീൽ കപ്പ് ചൂടാക്കി കൈ പൊള്ളിക്കുകയും ചെയ്തു. തുടർച്ചയായ ശാരീരിക മാനസിക പീഡനങ്ങളാണ് കുട്ടി ഏൽക്കക്കേണ്ടി വന്നത്. കുട്ടി മൃതപ്രായനായതോടെയാണ് പ്രതികൾ ആശുപത്രിയിലെത്തിച്ചത്.
കേസിന്റെ നാൾ വഴി
2013 ജൂലൈ-7: ഷെഫീക്കിനെ കുമളി പിഎച്ച്സിയിൽ ചികിത്സയ്ക്കെത്തിക്കുന്നു. പ്രാഥമിക ചികിത്സയ്ക്കു ശേഷം തിരിച്ചയയ്ക്കുന്നു.
ജൂലൈ -15: കുട്ടിയെ അബോധാവസ്ഥയിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നു. പരിശോധനയിൽ തലച്ചോറിന് ക്ഷതമേറ്റതായി കണ്ടെത്തി. ശരീരത്തിൽ നിറയെ മുറിപ്പാടുകളും പൊള്ളലേറ്റ പാടുകളും. കാൽ ഒടിഞ്ഞുതൂങ്ങിയ നിലയിലും. ആശുപത്രി അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് വിവരം കൈമാറുന്നു.
ജൂലൈ -16: കുട്ടിയുടെ നില അതീവഗുരുതരമാകുന്നു. വിഷയം മാധ്യമങ്ങളിലൂടെ പുറം ലോകമറിയുന്നു. നാടെങ്ങും പ്രതിഷേധമുയർന്നതോടെ പിതാവ് ഷെരീഫിനെയും രണ്ടാനമ്മ അനീഷയെയും പോലീസ് കസ്റ്റഡിയിലെടുക്കുന്നു. ഇവർ കുറ്റസമ്മതം നടത്തി.
സർക്കാർ നിർദേശപ്രകാരം കോട്ടയം മെഡിക്കൽ കോളജിൽനിന്നുള്ള ശിശുരോഗ വിദഗ്ധർ ഉൾപ്പെടെയുള്ള വിദഗ്ധ സംഘത്തെ കുട്ടിയുടെ ചികിത്സയ്ക്കായി നിയോഗിക്കുന്നു. ഇതിനിടെ അപസ്മാര ബാധയുമുണ്ടാകുന്നു.
ജൂലൈ -17: ഷെരീഫിന്റെയും അനീഷയുടെയും അറസ്റ്റ് രേഖപ്പെടുത്തുന്നു. കുട്ടിയുടെ ആരോഗ്യനിലയിൽ നേരീയ പ്രതീക്ഷ. കണ്ണുകളുടെ ചലനം തിരിച്ച് വന്നു. കൈകാലുകൾ അനക്കാനും തുടങ്ങി. ഇതിനിടെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിർദേശപ്രകാരം മന്ത്രി എം.കെ. മുനീർ ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിക്കുന്നു.
ജൂലൈ -18: രക്ഷപ്പെടാൻ സാധ്യത 25 ശതമാനം മാത്രമെന്ന് ഡോക്ടർമാർ. ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകിത്തുടങ്ങി. ഷെരീഫും അനീഷയും റിമാൻഡിൽ. പെറ്റമ്മ ആശുപത്രിയിലെത്തി കുട്ടിയെ കാണുന്നു.
ജൂലൈ -19: നില ഗുരുതരമായി തുടരുന്നു. സിടി സ്കാനിംഗിന് വിധേയമാക്കിയെങ്കിലും കാര്യമായ പുരോഗതിയില്ല. 48 മണിക്കൂർ വെന്റിലേറ്റർ സപ്പോർട്ട് തുടരാൻ ഡോക്ടർമാർ നിർദേശിക്കുന്നു.
ജൂലൈ -20: ആരോഗ്യ നിലയിൽ നേരിയ പുരോഗതി. വെന്റിലേറ്റർ സപ്പോർട്ട് 50 ശതമാനമാക്കുന്നു. പ്രതീക്ഷ നൽകി സ്വയം ശ്വസിക്കാൻ ആരംഭിക്കുന്നു. ഷെരീഫിനെയും അനീഷയെയും പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നു. ഷെഫീക്കിന്റെ സഹോദരൻ ഷെഫീൻ ആശുപത്രിയിലെത്തുന്നു.
ജൂലൈ - 21: ഷെഫീക്കിന്റെ ശ്വസനത്തിന് കഴുത്തിൽ ട്യൂബ് ഘടിപ്പിക്കുന്ന ട്രാക്കിയോസ്റ്റമിക്കിനു വിധേയനാക്കുന്നു. ഓഗസ്റ്റ് -ഒന്ന്: ആരോഗ്യ നില 75 ശതമാനം മെച്ചപ്പെടുന്നു. തലച്ചോറിന്റെ പ്രവർത്തനം 50 ശതമാനം. ജീവിതത്തിലേക്ക് മടങ്ങി വന്നാലും വൈകല്യങ്ങളുണ്ടാകുമെന്ന് ഡോക്ടർ. അപസ്മാരവും ന്യൂമോണിയയുമുണ്ടായില്ലെങ്കിൽ കുട്ടിയുടെ ജീവൻ തിരിച്ച് പിടിക്കാൻ കഴിയുമെന്ന് ന്യൂറോ സർജൻ ഡോ.നിഷാന്ത് പോൾ അറിയിക്കുന്നു. ഓഗസ്റ്റ്- രണ്ട്: കൈകാലുകളുടെ ചലനം തിരിച്ചുപിടിക്കാൻ ഫിസിയോ തെറാപ്പി ആരംഭിക്കുന്നു. തലച്ചോറിലെ നിർക്കെട്ട് 90 ശതമാനം കുറഞ്ഞു.
ഓഗസ്റ്റ് - നാല്: ഷെഫീക്കിനെ ഐസിയുവിൽനിന്നു മാറ്റുന്നു. ഓഗസ്റ്റ്-അഞ്ച്: പ്രതീക്ഷ നൽകി കുട്ടിയുടെ കരച്ചിൽ. ആശുപത്രിയിൽ എത്തിയ ശേഷം ആദ്യമായി കുട്ടിയിൽനിന്നു ശബ്ദം പുറത്തുവരുന്നത് 20 ദിവസങ്ങൾക്ക് ശേഷം. ഓഗസ്റ്റ് -10: ന്യൂറോ റിഹാബിലിറ്റേഷൻ ചികിത്സയ്ക്കായി ഷെഫീക്കിനെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലേക്ക് 26 ദിവസങ്ങൾക്ക് ശേഷം കൊണ്ടു പോകുന്നു.
നവംബർ 22: ചികിത്സയ്ക്ക് ശേഷം ഷെഫീക്ക് മടങ്ങിയെത്തി. കട്ടപ്പന സെന്റ് ജോണ്സ് ആശുപത്രിയിൽ പരിശോധന. നവംബർ - 23: ചെറുതോണിയിലെ സ്വദർ ഷെൽട്ടർ ഹോമിലേക്ക് ഷെഫീക്കിനെ മാറ്റി.
2014 ജൂലൈ -21: തൊടുപുഴ അൽ അസ്ഹർ ഗ്രൂപ്പ് ഷെഫീക്കിനെ ഏറ്റെടുക്കുന്നു. അൽ അസ്ഹർ മെഡിക്കൽ കോളജിലെ പ്രത്യേക മുറിയിൽ ആയയായ രാഗിണിക്ക് ഒപ്പം കഴിയുന്നു.
2021 ഡിസംബർ-9: കേസിൽ ഒന്നാം അഡീഷണൽ ഡിസ്ട്രിക്സ് സെഷൻസ് കോടതിയിൽ കുറ്റപത്രം വായിച്ചു.
2022 ജൂണ് - 23: കേസിൽ വിചാരണ ആരംഭിക്കുന്നു 2024 ഡിസംബർ -20: പിതാവ് ഷെറീഫിനെയും രണ്ടാനമ്മ അനീഷയെയും കുറ്റക്കാരെന്നു കണ്ട് കോടതി ഏഴും പത്തും വർഷം തടവിനും പിഴയും ശിക്ഷ വിധിക്കുന്നു.
നിർവികാരരായി പ്രതികൾ
തൊടുപുഴ: കുമളിയിൽ അഞ്ചു വയസുകാരൻ ഷെഫീക്കിനെ പിതാവും രണ്ടാനമ്മയും ചേർന്ന് ക്രൂരമായി മർദിച്ച കേസിൽ വിധി വന്ന ഇന്നലെ വൈകുന്നേരം 3.23 വരെ തൊടുപുഴ ഒന്നാം അഡീഷണൽ ആൻഡ് ഡിസ്ട്രിക്ട് സെഷൻസ് കോടതി ഹാൾ കടുത്ത ആകാംക്ഷയിലായിരുന്നു.
രാവിലെ മുതൽ കോടതി വളപ്പിലും പ്രധാന സംസാരം ഇതുതന്നെയായിരുന്നു. കോടതി തുടങ്ങി അധികം വൈകാതെ പ്രതികളായ അനീഷയും ഷെരീഫുമെത്തി. തീർത്തും നിർവികാരരായി പ്രതികൾ കോടതി ഹാളിന്റെ വാതിൽക്കൽ നിന്നു. ഇരുവരും മാസ്ക് ധരിച്ചിരുന്നു. 12-ഓടെ ജഡ്ജി ആഷ് കെ. ബാൽ ഇരുവരും കുറ്റക്കാരാണെന്ന് ബോധ്യപ്പെട്ടതായി അറിയിച്ചു.
അപ്പോഴും ഇരുവരും ഭാവഭേദങ്ങളില്ലാതെ ജഡ്ജിക്ക് അഭിമുഖമായി നിന്നു. കൂടുതൽ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ ആദ്യം ഷെരീഫ് ജഡ്ജിക്കടുത്തെത്തി. തങ്ങൾക്ക് മറ്റ് മക്കളുണ്ടെന്നും അവരുടെ സുരക്ഷിതത്വവും പഠനവും പരിഗണിക്കണമെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പറഞ്ഞു. പിന്നീട് അനീഷയും കണ്ണുകൾ നിറഞ്ഞ് അപേക്ഷിച്ചു.
എന്നാൽ ഇവർ ഷെഫീഖിന്റെ സഹോദരനെയും ഉപദ്രവിച്ചെന്നും മക്കൾ അനാഥാലയങ്ങളിലാണ് വളരുന്നതെന്നും ഇവരുടെ സുരക്ഷയിൽ ദന്പതികൾക്ക് ഉത്തരവാദിത്വമില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. രാജേഷ് കോടതിയെ ബോധിപ്പിച്ചു. പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും പറഞ്ഞു. പിന്നീട് വിധിക്കായുള്ള കാത്തിരിപ്പ്.
കുട്ടിക്ക് നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതിൽ ചെറിയ സാങ്കേതിക താമസങ്ങൾ മൂലം കാലതാമസം. മറ്റ് കേസുകളുടെ നടപടികൾ നടന്നപ്പോൾ പ്രതികൾ പുറത്ത് ബെഞ്ചിൽ നിർവികാരതയോടെ തലതാഴ്ത്തിയിരുന്നു. ഇരുവരും തമ്മിൽ വളരെ ചെറിയ സംഭാഷണങ്ങൾ. ചുറ്റുംനിന്ന പോലീസുകാരോടും സംസാരിച്ചു. ഒടുവിൽ 3.23ന് ജഡ്ജി ചേംബറിലെത്തി.
മിനിട്ടുകൾക്കുള്ളിൽ നാടൊന്നാകെ കാത്തിരുന്ന വിധി പറഞ്ഞു. ഒന്നാം പ്രതി ഷെരീഫിന് ഏഴുവർഷവും രണ്ടാം പ്രതി അനീഷയ്ക്ക് 10 വർഷവും കഠിന തടവ്. വിധി കേട്ടശേഷം പ്രതികരിക്കാതെ മറ്റു വികാരങ്ങളില്ലാതെ ഇരുവരും കോടതി ഹാളിലെ ബെഞ്ചിൽ തന്നെ ദീർഘനേരം ഇരുന്നു. പിന്നീട് പോലീസ് ജീപ്പിൽ കോടതിയിൽനിന്നും ജയിലിലേക്ക് മടങ്ങി.
ക്രൂരത പുറത്തെത്തിച്ചത് ഡോ. നിഷാന്ത് പോൾ
തൊടുപുഴ: ഷെഫീക്കിനു നേരേയുണ്ടായ ക്രൂരത സമൂഹത്തിനു മുന്നിലെത്തിച്ചത് ഡോ. നിഷാന്ത് പോൾ എന്ന യുവ ഡോക്ടറുടെ ഇടപെടൽ. കട്ടപ്പന സെന്റ് ജോണ്സ് ആശുപത്രിയിൽ ന്യൂറോ സർജനായി ജോലി ചെയ്തുവരികയായിരുന്നു ഡോ. നിഷാന്ത് പോൾ. കുട്ടി വീണു പരിക്കേറ്റെന്ന് പറഞ്ഞാണ് ഷെഫീക്കിനെ പിതാവ് ഷെരീഫ് ആശുപത്രിയിലെത്തിക്കുന്നത്.
കുട്ടിയെ പരിശോധിച്ച ഡോ. നിഷാന്ത് പോളിന് സംശയം തോന്നിയതിനെത്തുടർന്ന് അദ്ദേഹം വിവരം ശിശുക്ഷേമ സമിതി അധികൃതർക്കും ഇവർ പോലീസിനും വിവരം കൈമാറുകയുമായിരുന്നു. തുടർന്ന് ഷെരീഫിനെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന ക്രൂരത വെളിച്ചത്തു വന്നത്.
ആശുപത്രിയിൽ കുട്ടിയെ എത്തിക്കുന്പോൾ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നെന്ന് ഡോ. നിഷാന്ത് പോൾ പറഞ്ഞു. രണ്ടാഴ്ചയോളം വെന്റിലേറ്ററിൽ തന്നെ ചികിത്സ നൽകിയതോടെ ജീവിതത്തിലേക്കു തിരിച്ചെത്താനുള്ള സാധ്യതയെങ്കിലും ലഭിച്ചത്. വിധിയിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഏതാനും വർഷം മുന്പ് ഷെഫീക്കിനെ അൽ അസ്ഹർ ആശുപത്രിയിലെത്തി കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കൊച്ചിയിൽ ജോലി ചെയ്യുകയാണ് ഡോ. നിഷാന്ത് പോൾ.