കുട്ടികളുടെ അവകാശ സംരക്ഷണത്തിന് ഉതകുന്ന വിധി
1488757
Saturday, December 21, 2024 3:57 AM IST
തൊടുപുഴ: കുട്ടികളുടെ അവകാശ സംരക്ഷണത്തിൽ പൊതുസമൂഹത്തിന് വ്യക്തമായ ധാരണ സൃഷ്ടിക്കാൻ ഷെഫീക്ക് വധശ്രമക്കേസിലെ വിധിയിലൂടെ സാധിക്കുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ ചെയർമാൻ പി.ജി. ഗോപാലകൃഷ്ണൻ പറഞ്ഞു.
വിധിയിൽ ഏറെ സംതൃപ്തിയുണ്ട്. പോലീസ്, സാമൂഹ്യനീതി വകുപ്പ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവരുടെ ഏറെ നാളുകളായുള്ള കഠിനാധ്വാനമാണ് പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കാൻ ഇടയാക്കിയത്.
അക്കാലയളവിലെ സിഡബ്ല്യുസി ചെയർമാൻ എന്നനിലയിൽ കേസിൽ കൃത്യമായ ഇടപെടൽ നടത്താനായി. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ മിഷൻ ആശുപത്രി, അൽ അസ്ഹർ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ലഭിച്ച പരിചരണവും സ്വന്തം അമ്മയായി ഷെഫീക്കിനെ ശുശ്രൂഷിക്കുന്ന രാഗിണിയുടെ ത്യാഗമനോഭാവവും നന്ദിയോടെ സ്മരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
(പി.ജി. ഗോപാലകൃഷ്ണൻ, സിഡബ്ല്യുസി മുൻ ചെയർമാൻ)