തൊടുപുഴയെ ആവേശത്തിലാഴ്ത്തി കുട്ടിപപ്പ മത്സരം
1488764
Saturday, December 21, 2024 3:57 AM IST
ഹൊറൈസണ്‍ മോട്ടോഴ്സും കുട്ടികളുടെ ദീപികയും ചേർന്നൊരുക്കി
തൊടുപുഴ: ചുവന്ന വസ്ത്രങ്ങളും തൊപ്പിയും വടിയും സമ്മാനങ്ങളുമായി ഒരു കൂട്ടം കുട്ടി ക്രിസ്മസ് പപ്പമാർ ഒന്നിച്ചുകൂടിയതോടെ തൊടുപുഴ ആവേശലഹരിയിലായി. ഹൊറൈസണ്‍ മോട്ടോഴ്സും കുട്ടികളുടെ ദീപികയും സംയുക്തമായി നടത്തിയ കുട്ടിപപ്പ മത്സരത്തിലാണ് നാൽപ്പതോളം കുഞ്ഞുപാപ്പമാർ അണിനിരന്നത്.
തൊടുപുഴ ഹൊറൈസണ്‍ മഹീന്ദ്ര ഷോറൂമിലായിരുന്നു കുട്ടിപപ്പ മത്സരം നടന്നത്. ഒരു വയസാവാത്ത കുഞ്ഞ് ഇസാ മറിയം ടോണി മുതൽ 10 വയസുള്ള കുട്ടികൾ വരെ മത്സരത്തിൽ പങ്കെടുത്തു.
"ജിംഗിൾ ബെൽസ്' പാട്ടിനൊപ്പം കുട്ടിത്തം നിറഞ്ഞുതുളുന്പുന്ന നൃത്തച്ചുവടുകളുമായി കുഞ്ഞുപപ്പമാർ വേദിയിലെത്തി. എൽകെജി മുതൽ ഒന്നാം ക്ലാസ് വരെയുള്ള കുട്ടികളുടെയും രണ്ടാം ക്ലാസ് മുതൽ 10 വയസു വരെ പ്രായമുള്ള കുട്ടികളുടെയും മത്സരമായിരുന്നു നടന്നത്.
വേഷവിധാനവും പെർഫോമൻസും മാനദണ്ഡമാക്കിയാണ് വിജയികളെ തെരഞ്ഞെടുത്തത്. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. രണ്ടു വിഭാഗങ്ങളിലുമായി 20 പേർക്ക് കാഷ് പ്രൈസും സമ്മാനിച്ചു. വിജയികളുടെ ഫോട്ടോ കുട്ടികളുടെ ദീപികയിൽ പ്രസിദ്ധീകരിക്കും.
നിർമല ഹയർ സെക്കൻഡറി സ്കൂളിലെ സിസ്റ്റർ ഷാന്റി, തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകരായ ചാന്ദന അഖിൽ, ലിസ് ഡൊമിനിക് എന്നിവരായിരുന്നു വിധികർത്താക്കൾ. ദീപിക ജനറൽ മാനേജർ ഫാ. ജിനോ പുന്നമറ്റത്തിൽ മുഖ്യാതിഥിയായി.
ഹൊറൈസണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഷാജി കണ്ണിക്കാട്ട്, സിഇഒ സാബു ജോണ്‍, തൊടുപുഴ ജനറൽ മാനേജർ പവിത്രൻ മേനോൻ, സെയിൽസ് മാനേജർ സൈജു എന്നിവർ പ്രസംഗിച്ചു.