അതിജീവനം ഈ അമ്മയുടെ താരാട്ട്
1488760
Saturday, December 21, 2024 3:57 AM IST
ടി.പി. സന്തോഷ്കുമാർ
തൊടുപുഴ: "എന്റെ വാവാച്ചിക്ക് നീതി കിട്ടി'. ഹൃദയത്തിൽ തൊട്ട് പോറ്റമ്മ രാഗിണി പറഞ്ഞു. നൊന്ത് പ്രസവിച്ചില്ലെങ്കിലും ഷെഫീഖ് രാഗിണിയുടെ സ്വന്തം മകനാണ്. കേസിൽ വിധികേട്ട് രാഗിണിയുടെ കണ്ണുകൾ നിറഞ്ഞു. പിന്നീടത് സംതൃപ്തിയുടെ പുഞ്ചിരിയായി. കോലാഹലമേട് സ്വദേശിനി എ.എച്ച്. രാഗിണി ഏലപ്പാറ ഉപ്പുകുളം അങ്കണവാടിയിൽ ഹെൽപ്പറായിരുന്നു.
2013 ഓഗസ്റ്റ് 13നാണ് സാമൂഹ്യനീതി വകുപ്പ് ഓഫീസർ പുഷ്പാകരനും കെഡിഎസ് ഓഫീസർ ശോഭനകുമാരിയും ഷെഫീക്കിനെ പരിചരിക്കാൻ സഹായം അഭ്യർഥിച്ചത്. വെല്ലൂർ സിഎംസി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന ഷെഫീക്കിന്റെ അവസ്ഥ ആരുടെയും കരളലിയിക്കുന്നതായിരുന്നു.
തലചരിച്ച് അബോധാവസ്ഥയിലായിരുന്ന കുഞ്ഞിന് അവശേഷിച്ചത് ജീവന്റെ തുടിപ്പ് മാത്രം. ശരീരമാസകലം മുറിവുണങ്ങിയ പാടുകൾ. ശരീരത്തിന് പിങ്ക് നിറം. ഓഗസ്റ്റ് 22നാണ് വാർഡിലേക്ക് മാറ്റുന്നത്. ഏറെ നാളത്തെ ചികിത്സയ്ക്കൊടുവിൽ ഷെഫീഖിന്റെ ഇടതു ചൂണ്ടുവിരൽ അനങ്ങിയത് പ്രതീക്ഷയായി.
അന്നു മുതൽ രാഗിണിയുടെ കൈകളിലാണ് ഷെഫീക്ക് തല ചായ്ക്കുന്നത്. ഒരുവർഷത്തോളം ആശുപത്രിയിലെ വാർഡിൽ കഴിയേണ്ടിവന്നു. 2014 ജൂലൈ 21ന് പെരുന്പിള്ളിച്ചിറ അൽ അസ്ഹർ മെഡിക്കൽ കോളജ് അധികൃതർ ഷെഫീഖിന്റെ സംരക്ഷണം ഏറ്റെടുത്തു.
ആദ്യമായി ഷെഫീഖ് അമ്മേ എന്ന് വിളിച്ചത് ഇന്നും രാഗിണിക്ക് കേൾക്കാം. തലച്ചോറിന്റെ ഇടതുഭാഗത്ത് ക്ഷതമേറ്റ ഷെഫീഖിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ കഴിയില്ലെങ്കിലും രാഗിണിയുടെ പരിചരണത്തിൽ അവന്റേതായ ശൈലിയിൽ സംസാരിക്കാനും ആളുകളെ തിരിച്ചറിയാനുമാകും.
തന്റെ ജീവിതം അൽ അസ്ഹർ മെഡിക്കൽ കോളജിലെ അമ്മത്താരാട്ട് എന്ന മുറിയുടെ നാല് ചുവരുകൾക്കുള്ളിലാണെന്ന തിരിച്ചറിവ് രാഗിണിയെ തളർത്തുന്നില്ല. സ്വന്തം കുഞ്ഞിനെപോലെ അവർ ഷെഫീഖിനെ താലോലിക്കുകയും അവന്റെ ഇഷ്ടാനിഷ്ടങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്യുന്നു.
ഷെഫീഖിനെ ഉപേക്ഷിച്ചുള്ള ഭാവി ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല രാഗിണിക്ക്. വല്ലപ്പോഴും കോലാഹലമേട്ടിലെ സ്വന്തം വീട്ടിൽ പോകുന്നതുപോലും ഷെഫീക്കുമായാണ്. സാമൂഹ്യനീതി വകുപ്പിൽ അറ്റൻഡർ തസ്തികയിൽ രണ്ടുമാസം മുന്പ് രാഗിണിക്ക് നിയമനം ലഭിച്ചു.
ബാലാവകാശങ്ങൾ ശക്തിപ്പെടുത്തിയ സംഭവം
തൊടുപുഴ: കേരളത്തിലെ കുട്ടികൾക്കു നേരേയുണ്ടാകുന്ന ആക്രമണങ്ങളിൽ ഇവർക്കുവേണ്ടി ബാലാവകാശങ്ങൾ പോലും പൊളിച്ചെഴുതാൻ ഷെഫീക്കിനുണ്ടായ ദുരനുഭവം കാരണമായി.
ഷെഫീഖിനു നേരേയുണ്ടായ അതിക്രമം നടന്ന് മൂന്നു മാസത്തിനകം അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിറ്റി കുട്ടികളുടെ സംരക്ഷണത്തിനും അവകാശത്തിനും വേണ്ടി തയാറാക്കിയ റിപ്പോർട്ട് ശിശുക്ഷേമ രംഗത്ത് വലിയ മാറ്റങ്ങൾക്കാണ് വഴിവച്ചത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചൈൽഡ് പ്രൊട്ടക്ഷൻ പ്രോട്ടോകോൾ രൂപീകരിക്കുന്നത്.
ബാലാവകാശ കമ്മിഷന്റെ പ്രവർത്തനങ്ങളും ഷെഫീഖ് കമ്മിറ്റി റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു. കുട്ടികൾ പീഡനങ്ങൾ നേരിടുന്നുണ്ടോ എന്നറിയാൻ സ്കൂളുകളിൽ കൗണ്സലിംഗ് ശക്തമായതും ഇതോടെയാണ്.
കുട്ടികളുടെ സംരക്ഷണത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, അങ്കണവാടികൾ, സ്കൂളുകൾ, പഞ്ചായത്ത് മെംബർമാർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, സാമൂഹിക നിതീ വകുപ്പ് എന്നിവരുടെ ചുമതല എന്താണെന്ന് ഈ റിപ്പോർട്ടിൽ പ്രതിപാദിച്ചിരുന്നു. ഇതോടെ കുഞ്ഞുങ്ങളുടെ സുരക്ഷ കുടുംബത്തിന്റെ മാത്രമല്ല അധ്യാപകരുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമായി മാറി. എന്നാൽ റിപ്പോർട്ടിന്മേൽ കാര്യമായ തുടർനടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
വിധിയിൽ സംതൃപ്തി:പബ്ലിക് പ്രോസിക്യൂട്ടർ
തൊടുപുഴ: ഷെഫീക്ക് വധശ്രമക്കേസിലെ വിധിയിൽ സംതൃപ്തിയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. രാജേഷ്. കുട്ടിക്ക് നീതി കിട്ടിയെന്ന് വിശ്വസിക്കുന്നു. പ്രതികളുടെ ജീവിതസാഹചര്യങ്ങളും മറ്റ് മക്കളുള്ളതും കോടതി പരിഗണിച്ചെന്നാണ് വിലയിരുത്തൽ. പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് ജീവപര്യന്തമായിരുന്നു. അതിന് അടുത്തുള്ള ശിക്ഷ തന്നെയാണിത്. നിരന്തരമായ ശാരീരിക പീഡനത്തിലൂടെ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന ഉദ്ദേശ്യമായിരുന്നു പ്രതികൾക്ക്.
ഗുരുതര പരിക്കുകളേറ്റ ഷെഫീഖിന് കോടതിയിൽ വരാനോ തെളിവ് നൽകാനോ സാധിച്ചിട്ടില്ല. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെയും മെഡിക്കൽ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ശിക്ഷ. പല സാക്ഷികളെയും കണ്ടെത്താനായില്ല. ചിലർ മരിക്കുകയും ചിലർ കിടപ്പുരോഗികളായും ചെയ്തു.
17 സാക്ഷികളെയാണ് വിസ്തരിക്കാനായത്. ചിലരെ വീടുകളിൽ ചെന്നാണ് വിസ്തരിച്ചത്. ഇതെല്ലാം വെല്ലുവിളികളായിരുന്നു. രണ്ടാം പ്രതി അനീഷയുടെ അമ്മ ഇവർക്കെതിരേ മൊഴിനൽകിയതും കട്ടപ്പന സെന്റ് ജോണ്സ് ആശുപത്രിയിലെ ഡോ. നിഷാന്ത് പോൾ, വെല്ലൂർ ആശുപത്രിയിലെ ഡോ. ജോർജ് തര്യൻ എന്നിവരുടെ മൊഴികളും നിർണായകമായി.