സിനിമാ പ്രവർത്തകരെ മർദിച്ചവർക്കെതിരേ കേസ്
1461534
Wednesday, October 16, 2024 6:20 AM IST
തൊടുപുഴ: സിനിമാ പ്രവർത്തകരെ സംഘം ചേർന്ന് മർദിച്ച സംഭവത്തിൽ 10 പേർക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. പ്രതികൾക്കെതിരേ കലാപ ആഹ്വാനം, സംഘം കൂടി ആക്രമിക്കൽ, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിനു പിന്നാലെ ഒളിവിൽപ്പോയ അക്രമി സംഘത്തെ കണ്ടെത്താൻ പോലീസ് തെരച്ചിൽ ഉൗർജിതമാക്കി. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
തിരുവനന്തപുരം സ്വദേശികളായ ജിഷ്ണു, ജയസേനൻ, കോഴിക്കോട് സ്വദേശി റെജിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരുക്കേറ്റ ജയസേനൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി പുതിയതായി ചിത്രീകരണം തുടങ്ങുന്ന മലയാള സിനിമയ്ക്ക് ആർട്ട് വർക്ക് ചെയ്യാനെത്തിയ മൂന്നുപേരാണ് മർദനത്തിനിരയായത്.
പത്തംഗസംഘം ഇവർ താമസിച്ചിരുന്ന സ്വകാര്യ ലോഡ്ജിൽ കയറി ആക്രമിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി കോലാനി പഞ്ചവടിപാലം സ്വദേശിയുമായുണ്ടായ തർക്കമാണ് സംഭവത്തിനു കാരണം. പ്രതികളെ ഉടൻ പിടികൂടുമെന്ന് തൊടുപുഴ പോലീസ് പറഞ്ഞു.