ശമ്പളം മുടങ്ങിയ കെഎസ്ആർടിസി ജീവനക്കാർ ചെണ്ട കൊട്ടി ബക്കറ്റ് പിരിവ്
1461533
Wednesday, October 16, 2024 6:20 AM IST
കട്ടപ്പന: ശമ്പളം മുടങ്ങിയ കെഎസ്ആർടിസി ജീവനക്കാർ ചെണ്ട കൊട്ടി ബക്കറ്റു പിരിവിനിറങ്ങി. 45 ദിവസമായി കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങിയിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് കെഎസ്ടി എംപ്ലോയീസ് സംഘി (ബിഎംഎസ്)ന്റെ നേതൃത്വത്തിലാണ് ബക്കറ്റു പിരിവ് സമരം നടത്തിയത്.
കഴിഞ്ഞ സെപ്റ്റംബർ മുതലാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം മുടങ്ങിയത്. ചെണ്ട കൊട്ടി ബക്കറ്റിൽ ഭിക്ഷയാചിച്ചാണ് സമരം നടന്നത്. കെഎസ്ആർടിസിയുടെ തൊഴിലാളി വിരുദ്ധ നിലപാടുകൾ ബോർഡിൽ എഴുതി കഴുത്തിൽ തൂക്കുകയും കൈയിൽ പിടിക്കുകയും ചെയ്തിരുന്നു. മറ്റ് സർക്കാർ വകുപ്പുകൾക്കെല്ലാം കൃത്യമായി ശമ്പളം നൽകുമ്പോഴും കെഎസ്ആർടിസി ജീവനക്കാരോട് മാത്രം കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. സർക്കാർ, ശമ്പളം നൽകാൻ തയാറാകാത്ത പക്ഷം സമരം ശക്തമാക്കുമെന്നും ജീവനക്കാർ അറിയിച്ചു.
കെഎസ്ടി എംപ്ലോയിസ് സംഘ് കട്ടപ്പന യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിന് ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ. ജോണി, വി.കെ. പ്രകാശ്, തോമസ് മാത്യു എന്നിവർ നേതൃത്വം നൽകി.