വനംവകുപ്പിന് ഫണ്ടില്ല; സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി പാതിവഴിയിൽ
1461530
Wednesday, October 16, 2024 6:20 AM IST
തൊടുപുഴ: വനംവകുപ്പിന്റെ സ്വയം സന്നദ്ധപുനരധിവാസ പദ്ധതി ഫണ്ടില്ലാത്തതുമൂലം പാതിവഴിയിൽ നിലച്ചു. ജില്ലയിലെ കൈതപ്പാറ, മനയത്തടം പ്രദേശങ്ങളിലെ കുടുംബങ്ങളാണ് പദ്ധതിയിൽ അപേക്ഷനൽകി മാസങ്ങളായി കാത്തിരിക്കുന്നത്.
രണ്ടുവർഷം മുന്പാരംഭിച്ച പദ്ധതിയിൽ താത്പര്യമുള്ള കുടുംബങ്ങൾക്ക് അപേക്ഷ നൽകി നഷ്ടപരിഹാരം കൈപ്പറ്റി വീടും സ്ഥലവും വനംവകുപ്പിന് കൈമാറുന്നതായിരുന്നു പദ്ധതി.
അഞ്ചുസെന്റ് മുതൽ അഞ്ചേക്കർ വരെ പട്ടയഭൂമി സ്വന്തമായുള്ളവർക്കാണ് പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞിരുന്നത്. സ്വന്തംപേരിൽ അഞ്ചുസെന്റ് മുതൽ അഞ്ചേക്കർ വരെ സ്ഥലമുള്ളവരെ ഒരു യൂണിറ്റായി കണക്കാക്കി 15ലക്ഷം രൂപ നൽകും. ഇതിൽ 18 വയസിനുമുകളിൽ പ്രായമുള്ള മക്കൾക്ക് റേഷൻകാർഡിൽ പേരുണ്ടെങ്കിൽ 15ലക്ഷം രൂപയും നൽകും. വിവാഹം കഴിച്ചയച്ച പെണ്മക്കൾക്ക് തുക ലഭിക്കില്ല. ഇതനുസരിച്ച് ഒരുകുടുംബത്തിൽ അഞ്ചുപേർക്ക് വരെ 15 ലക്ഷംരൂപവീതം ലഭിച്ചിരുന്നു.
കൈതപ്പാറ, മനയത്തടം ഗ്രാമങ്ങളിൽനിന്നു മാത്രം 14 കുടുംബങ്ങൾക്ക് (35പേർക്ക്) ഇതുവരെ തുക ലഭിച്ചിട്ടുണ്ട്. അപേക്ഷ നൽകി വനംവകുപ്പുമായി കരാർ ഒപ്പിടുകയും ആദ്യഗഡു ലഭിച്ചുകഴിഞ്ഞാൽ വീടുൾപ്പെടെയുള്ള നിർമാണങ്ങൾ പൊളിച്ചുനീക്കുകയും വേണമെന്നാണ് വ്യവസ്ഥ. ആദ്യഘട്ടത്തിൽ അപേക്ഷ നൽകിയവർക്ക് മാത്രമാണ് ഇതുവരെ തുക പൂർണമായും ലഭിച്ചത്.
രണ്ടാംഘട്ടത്തിൽ അപേക്ഷ നൽകിയവർക്ക് വനംവകുപ്പിന് ഫണ്ടില്ലെന്ന കാരണത്താൽ ഇതുവരെയും തുക കൈമാറാനായിട്ടില്ല. നിരവധിപ്പേരാണ് ഇനിയും അപേക്ഷ നൽകി കാത്തിരിക്കുന്നത്. അതേ സമയം തുക എന്ന് കൈമാറുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യമാണ്. കൈതപ്പാറ പ്രദേശത്ത് പട്ടയഭൂമി കൂടുതലുണ്ടെങ്കിലും മനയത്തടത്ത് ചുരുക്കം പേർക്ക് മാത്രമാണ് പട്ടയമുള്ളത്. അതിനാൽ ഇവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കാത്ത സാഹചര്യമാണുള്ളത്.