കുറിഞ്ഞി സങ്കേതം: അടിയന്തര യോഗം വിളിക്കും-മന്ത്രി
1461527
Wednesday, October 16, 2024 6:20 AM IST
ഇടുക്കി: ദേവികുളം കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിന് റവന്യു, ഫോറസ്റ്റ്, സർവേ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് സ്ഥലം എംഎൽഎയുടെ സാന്നിധ്യത്തിൽ അടിയന്തരമായി യോഗം വിളിച്ചു ചേർക്കുമെന്ന് മന്ത്രി കെ. രാജൻ.
ദേവികുളം താലൂക്കിലെ വട്ടവട വില്ലേജിലെ ബ്ലോക്ക് നന്പർ- 62, കൊട്ടക്കാന്പൂർ വില്ലേജിലെ ബ്ലോക്ക് നന്പർ-58, എന്നിവയിൽപ്പെട്ട പട്ടയഭൂമി ഒഴിവാക്കിയുള്ള 3,200 ഹെക്ടർ ഭൂമിയാണ് കുറിഞ്ഞിമല ഉദ്യാനം രൂപീകരിക്കുന്നതിനായി 1972-ലെ വനം വന്യജീവി സംരക്ഷണ നിയമപ്രകാരം 2006-ൽ വനം വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഫോറസ്റ്റ് സെറ്റിൽമെന്റ് ഓഫീസറായി ദേവിക്കുളം ആർഡിഒയെ 2015-ൽ നിയമിച്ചു. വിജ്ഞാപനം പുറപ്പെടുവിച്ച പ്രദേശത്തെ ജനങ്ങളുടെ ഭൂമിസംബന്ധമായ അവകാശങ്ങൾ പരിശോധിക്കാനും കൈയേറ്റം ഒഴിപ്പിക്കുന്നതിനും ഓരോ തണ്ടപ്പേർ കക്ഷിയേയും നേരിൽ കേട്ട് രേഖകൾ പരിശോധിച്ച് കൈവശക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ചുമതലകൾ സെറ്റിൽമെന്റ് ഓഫീസർക്ക് നൽകിയിരുന്നു. വനംവകുപ്പിന്റെ വിജ്ഞാപനത്തിൽ ഉൾപ്പെട്ട മേൽപറഞ്ഞ വില്ലേജുകളിലെ പട്ടയഭൂമികൾ ഒഴിവാക്കിയുള്ള ഭൂമിയുടെ അതിരുകൾ പുനർ നിർണയം ചെയ്ത് കുറിഞ്ഞിമല സങ്കേതത്തിന്റെ അതിരുകൾ നിശ്ചയിക്കാൻ 2018 ലും 2020 ലും റവന്യു വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
കുറിഞ്ഞിമല സങ്കേതത്തിന്റെ കാര്യനിർവഹണത്തിനായി ദേവികുളം സബ് കളക്ടർക്ക് അധിക ചുമതല നൽകി 2022-ൽ ഉത്തരവായി.
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വനഭൂമിയും പട്ടയഭൂമിയും തിട്ടപ്പെടുത്തേണ്ടതുണ്ട്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിന് കുറിഞ്ഞിമല ഉദ്യാനത്തിന്റെ സെറ്റിൽമെന്റ് ഓഫീസറായി പ്രത്യേക ചുമതല നൽകി ഉദ്യോഗസ്ഥനെ നിയമിക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണ്.
ഇതോടൊപ്പം വിജ്ഞാപനവുമായി ബന്ധപ്പെട്ട ചില നിയമ പ്രശ്നങ്ങളിൽ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം സ്പെഷൽ ഓഫീസർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഡ്വക്കേറ്റ് ജനറൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാരുടെ ഒരു യോഗം നടത്തിയെങ്കിലും നിയമോപദേശം ലഭ്യമാക്കിയിട്ടില്ല.
നിയമോപദേശം ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ സ്പെഷൽ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സങ്കേതത്തിന്റെ അതിരുകൾ തിട്ടപ്പെടുത്തുന്നതിന് ഈ വില്ലേജുകളിൽ ഡിജിറ്റൽ സർവെ നടത്തുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണെന്നും നിയമസഭയിൽ എ. രാജ എംഎൽഎ യുടെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.