അർബൻ ഹെൽത്ത് വെൽനസ് സെന്റർ മാറ്റുന്നതിൽ പ്രതിഷേധം ശക്തം
1461525
Wednesday, October 16, 2024 6:20 AM IST
തൊടുപുഴ: പഴുക്കാക്കുളത്ത് അനുവദിച്ച അർബൻ ഹെൽത്ത് ആന്റ് വെൽനസ് സെന്റർ ഇവിടെനിന്നു മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. 150 ഓളം പ്രദേശവാസികൾ യോഗം ചേർന്ന് ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ച് പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.
നിലവിലുള്ള ഹെൽത്ത് സെന്റർ സബ് സെന്ററായി ഉയർത്തി പ്രവർത്തനം ആരംഭിക്കുന്നതിന് അനുയോജ്യമായ കെട്ടിടം നിർമാണം ഉടൻ ആരംഭിക്കണമെന്നും ഇതു പൂർത്തിയാകുന്പോൾ അർബൻ വെൽനസ് സെന്റർ കൂടി പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യം കൂടി ഉൾപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കെട്ടിട നിർമാണം പൂർത്തിയാകുന്നതുവരെ പഴുക്കാക്കുളത്തിനുവദിച്ച അർബൻ വെൽനസ് സെന്റർ അനുയോജ്യമായ വാടകക്കെട്ടിടം പഴുക്കാക്കുളത്തുതന്നെ കണ്ടെത്തണം. ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടു പോകുവാൻ ആക്ഷൻ കൗണ്‍സിൽ തീരുമാനിച്ചു.
ആക്ഷൻ കൗണ്‍സിൽ പ്രസിഡന്റ് ജോഷി ഓലേടത്തിൽ, സെക്രട്ടറി ഷാജു പോൾ കൊന്നക്കൽ, ട്രഷറർ തങ്കച്ചൻ ജോണ്‍ നെടുംകല്ലേൽ, വൈസ് പ്രസിഡന്റ് ജോർജ് പാലിയത്ത്, ജോയിന്റ് സെക്രട്ടറി റിനി ജോഷി എന്നിവർ ഉൾപ്പെടുന്ന 16 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.