വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി
1460681
Saturday, October 12, 2024 2:45 AM IST
രാജകുമാരി: രാജകുമാരി കജനാപ്പാറയിൽ ബാങ്ക് വായ്പ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് തോട്ടം തൊഴിലാളികളായ വനിതകളുടെ പണം തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ രാജാക്കാട് പോലീസ് അന്വേഷണമാരംഭിച്ചു.
ഗ്ലോബൽ ഫിൻടെക് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ആദ്യതവണ 1300 രൂപ അടച്ചാൽ 60,000 രൂപ വരെ വായ്പ നൽകുമെന്നായിരുന്നു കന്പനി ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട് കജനാപ്പാറയിൽ എത്തിയ രണ്ടു പേർ പറഞ്ഞത്.
സ്വയം സഹായസംഘങ്ങളുടെ മാതൃകയിൽ വനിതകളുടെ കൂട്ടായ്മ രൂപീകരിച്ചാണ് തട്ടിപ്പു നടത്തിയത്. തോട്ടംതൊഴിലാളികളായ 15 വനിതകൾ 1300 രൂപവീതം ഇവർ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുനൽകി. ആദ്യമടച്ച തുക ഇൻഷ്വറൻസ് പരിരക്ഷയ്ക്കുള്ള പ്രീമിയമാണെന്നും വീണ്ടും 1300 രൂപ കൂടി അടയ്ക്കണമെന്നും ആവശ്യപ്പെട്ട് ഇവർ ഫോണിൽ വിളിച്ചതോടെയാണ് ചിലർക്കു സംശയം തോന്നിയത്.
തുടർന്ന് ഇവർ രാജാക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. കന്പനിയുടേതെന്നു പറയുന്ന ഫോണ് നന്പറുകളിൽ പോലീസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണുകൾ സ്വിച്ച്ഓഫ് ആയിരുന്നു. തട്ടിപ്പിനിരയായവർ പണം അയച്ചത് മുബൈയിലുള്ള ഒരു ബാങ്കിന്റെ അക്കൗണ്ടിലേക്കാണെന്ന് പോലീസ് കണ്ടെത്തി. കൂടുതൽപേർ തട്ടിപ്പിനിരയായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.