മലവെള്ളപ്പാച്ചിൽ : ആനയാടിക്കുത്തിൽ 17 വിനോദസഞ്ചാരികൾ കുടുങ്ങി
1460677
Saturday, October 12, 2024 2:41 AM IST
തൊടുപുഴ: മലവെള്ളപ്പാച്ചിലിനെ തുടർന്നു വിനോദസഞ്ചാര കേന്ദ്രമായ ആനയാടിക്കുത്തിൽ കുടുങ്ങിയ 15 അംഗ സംഘത്തെ തൊടുപുഴ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് സംഭവം.
ആനയാടിക്കുത്തിന്റെ മുകൾഭാഗത്തെ വനമേഖലയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ പുഴയുടെ മറുകരയിലുണ്ടായിരുന്ന സംഘത്തിന് ഇക്കരയ്ക്ക് എത്താനാകാതെ വന്നു. ആലപ്പുഴ സ്വദേശികളാണ് ഇവിടെ സന്ദർശിക്കാനെത്തിയത്.
മുൾമുനയിൽ മൂന്നു മണിക്കൂർ
വൈകുന്നേരം മൂന്നോടെ കുട്ടികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾ പുഴയിൽ നിൽക്കുന്പോൾ മല മുകളിലുണ്ടായ കനത്ത മഴയെ തുടർന്ന് അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തുകയായിരുന്നു. ഇതോടെ ഭയന്ന സഞ്ചാരികൾ സമീപത്തെ പാറയുടെ മുകളിലേക്ക് കയറി. ഇവരുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തി. എന്നാൽ പുഴയിലെ ഒഴുക്ക് ശക്തമായിരുന്നതിനാൽ ഇവർക്ക് മറുകരയിലെത്താനായില്ല.
പാറ വഴി കയറി ആനയാടിക്കുത്തിന് മുകളിലത്തെ പാലത്തിലൂടെ ഇക്കരെയെത്താമെങ്കിലും സഞ്ചാരികൾക്ക് പരിചയം ഇല്ലാത്തത് പ്രശ്നമായി. വെള്ളത്തിന്റെ കുത്തൊഴുക്കിന്റെ ശബ്ദം മൂലം വഴി പറഞ്ഞു നൽകാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ഇതും വിജയിച്ചില്ല. ഇതോടെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
തൊടുപുഴയിൽനിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മറ്റൊരു വഴിയിലൂടെ സാഹസികമായി വിനോദസഞ്ചാരികളെ രക്ഷിച്ച് ഇക്കരെയെത്തിക്കുകയായിരുന്നു. വഴുക്കലുള്ള പാറയിലൂടെ വടം കെട്ടി മറുകരയെത്തിയ ഫയർഫോഴ്സ് സംഘം മലമുകളിലെ മറ്റൊരു വഴിയിലൂടെയാണ് ഒരു മണിക്കൂറോളം പണിപ്പെട്ട് ഇവരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്.
ഇവരോടൊപ്പം എറണാകുളത്തുനിന്നുള്ള മറ്റൊരു സംഘവും കൂടിയുണ്ടായിരുന്നു. ഇവർ മറുകരയിലായിരുന്നു. ഇതിനിടെ സഞ്ചാരികൾ ഒഴുക്കിൽപ്പെട്ടെന്ന് സംശയം പരന്നത് ആശങ്ക വർധിപ്പിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു പി.തോമസ്,
സീനിയർ ഫയർ ആന്ഡ് റെസ്ക്യു ഓഫീസർ എം.എൻ. വിനോദ് കുമാർ, ഫയർ ഓഫീസർമാരായ പി.ജി.സജീവ്, എൻ.എസ്.അജയകുമാർ, സുബിൻ ഗോപി, ജിൻസ് മാത്യു, ഹോം ഗാർഡ് മാത്യു ജോസ്, ഫയർമാൻ ഡ്രൈവർമാരായ ജെയിസ് സാം, ജോബി കെ.ജോർജ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാളിയാർ പോലീസും സ്ഥലത്തെത്തിയിരുന്നു.
അപകടരഹിതം ആനയാടിക്കുത്ത്
പൊതുവേ അപകടരഹിതമായ പ്രദേശമാണ് ആനയാടിക്കുത്ത്. തടാമലമുകളിൽ നിന്നും പാറക്കെട്ടുകളിലൂടെ പാലരുവിയായി പതഞ്ഞൊഴുകിവരുന്ന വെള്ളം താഴെ ഒഴുക്കുകുറഞ്ഞ തടാകത്തിലേക്കാണ് പതിക്കുന്നത്. കൊച്ചുകുട്ടികൾക്കു പോലും ഇവിടെ നീന്തിത്തുടിക്കാൻ കഴിയും.
ഇതിനാൽ നൂറുകണക്കിനു സഞ്ചാരികളാണ് ഇവിടേക്ക് ദിവസവും എത്തുന്നത്. നവരാത്രി അവധി പ്രമാണിച്ച് ഇന്നലെ ഇവിടെ തിരക്ക് കൂടുതലായിരുന്നു. ഒട്ടേറെ വിനോദ സഞ്ചാരികളെത്തുന്ന ഇവിടെ ടൂറിസ്റ്റ് ഗൈഡുകളെ നിയോഗിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.