ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചു
1460541
Friday, October 11, 2024 6:22 AM IST
വണ്ണപ്പുറം: ജനങ്ങളെ ഭീതിയിലാഴ്ത്തി മോഷണവും കവർച്ചാശ്രമവും. കാളിയാർ മുപ്പത്താറുകവലയിൽ വീടിന്റെ ജനലിനോടു ചേർന്ന് ഉറങ്ങിക്കിടന്ന യുവതിയുടെ മാല പൊട്ടിച്ചെടുത്തു. കണ്ടത്തിൽ മിനിയുടെ കഴുത്തിൽ കിടന്ന രണ്ടു പവന്റെ മാലയുടെ ഒരു ഭാഗമാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. ഇതിനു സമീപത്തുള്ള മുകളേൽ വിജയൻ, പള്ളിത്താഴത്ത് മീരാൻ എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്.
വിജയന്റെ വീടിന്റെ ഇരുന്പ് ഗ്രില്ല് തകർക്കാൻ ശ്രമിച്ചെങ്കിലും ഇത് വിഫലമായി. മീരാന്റ വീടിന്റെ വാതിൽ കുത്തിപ്പൊളിക്കുകയും മറ്റൊരു വാതിൽ ചവുട്ടിപ്പൊളിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ രണ്ടു വീടുകളിലും മോഷണം നടത്താനായില്ല.
ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കാളിയാർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.