ദേവികുളം താലൂക്കിൽ ഇന്ന് പൊതു പണിമുടക്ക്
1459667
Tuesday, October 8, 2024 6:46 AM IST
അടിമാലി : കൊച്ചി - ധനുഷ്ക്കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയിൽ പാതയോരത്ത് ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ദേവികുളം താലൂക്കിൽ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്ത് എൻഎച്ച് സംരക്ഷണ സമിതി. പ്രതിഷേധ സൂചകമായി വാളറയിൽ ദേശീയപാത ഉപരോധവും മരം മുറിക്കൽ സമരവും സംഘടിപ്പിക്കും.
നേര്യമംഗലം വനമേഖലയിൽ ദേശീയപാതയോരത്ത് അപകടാവസ്ഥ ഉയർത്തുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്ന് കോടതി നിർദേശം ഉണ്ടായിട്ടും മരങ്ങൾ മുറിച്ചുനീക്കാൻ വനം, റവന്യൂ വകുപ്പുകൾ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തത്.
ദിവസങ്ങൾക്ക് മുമ്പ് അടിമാലിയിൽ ചേർന്ന എൻഎച്ച് സംരക്ഷണ സമിതിയുടെ യോഗത്തിൽ ഇടുക്കി എംപി, ദേവികുളം എംഎൽഎ എന്നിവർ പങ്കെടുക്കുകയും പ്രതിഷേധത്തിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
വനം, റവന്യൂ വകുപ്പുകൾ മരം മുറിക്കാതെ ആളുകളുടെ ജീവൻവച്ചു പന്താടുകയാണെന്ന് എൻഎച്ച് സംരക്ഷണസമിതി ആരോപിച്ചു. ഇന്നു നടക്കുന്ന പൊതുപണിമുടക്കിൽ വ്യാപാരികളും സ്വകാര്യബസുകളും ഓട്ടോ - ടാക്സി വാഹനങ്ങളും പങ്കെടുക്കുമെന്ന് എൻഎച്ച് സംരക്ഷണസമിതി ഭാരവാഹികളായ പി.എം. ബേബി, ബാബു പി. കുര്യാക്കോസ്, കോയ അമ്പാട്ട്, എൽദോസ് വാളറ, എം.ബി. സൈനുദീൻ,പി.സി. രാജൻ, നവാസ് ഹൈടെക് എന്നിവർ അറിയിച്ചു.