മഴക്കുറവ്: വട്ടവടയിലെ പച്ചക്കറികര്‍ഷകര്‍ പ്രതിസന്ധിയില്‍
1459663
Tuesday, October 8, 2024 6:46 AM IST
അടിമാലി: ശീതകാല പച്ചക്കറികളുടെ വിളനിലമായ വട്ടവടയിലെ മഴക്കുറവ് കര്‍ഷകര്‍ക്കു പ്രതിസന്ധി സൃഷ്ടിക്കുന്നു. മഴയുടെ ലഭ്യതയില്‍ കുറവോ കൂടുതലോ ആയാല്‍ ശീതകാല പച്ചക്കറികളുടെ കാര്‍ഷികവൃത്തിയാകെ താളം തെറ്റും.
കഴിഞ്ഞ കുറേ ദിവസങ്ങളായി വട്ടവട മേഖലയില്‍ മഴയുടെ ലഭ്യത കുറഞ്ഞിരിക്കുകയാണ്. അടുത്ത വിനോദസഞ്ചാര സീസണിലേക്കായി കര്‍ഷകര്‍ സ്ട്രോബറിയടക്കം കൃഷിയിറക്കുന്ന സമയമാണിത്.
കഴിഞ്ഞ ഒന്നരമാസത്തോളമായി വട്ടവടയില്‍ കാര്യമായി മഴ ലഭിച്ചിട്ടില്ല.പകല്‍ സമയത്തെ ചൂടുമൂലം മണ്ണുണങ്ങി വരണ്ടു.ഇനിയും മഴ ലഭിക്കാതിരുന്നാൽ വട്ടവടയിലെ കാര്‍ഷിക മേഖലയാകെ തകരും. ഉയര്‍ന്ന ചൂട് മൂലം ചിലയിടങ്ങളില്‍ പച്ചക്കറികള്‍ ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്പ് പെയ്ത കനത്ത മഴയെ തുടര്‍ന്ന് കൃഷിയിറക്കിയ പച്ചക്കറികള്‍ ചീഞ്ഞുപോകുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതിനു ശേഷമാണിപ്പോള്‍ ഉയര്‍ന്ന ചൂടും മഴക്കുറവും തിരിച്ചടിയാകുമോയെന്ന ആശങ്ക ഉണ്ടായിരിക്കുന്നത്.