ഇരട്ടയാർ-തങ്കമണി റോഡിലെ ശാന്തിഗ്രാം പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു
1459660
Tuesday, October 8, 2024 6:46 AM IST
കട്ടപ്പന: കട്ടപ്പന-തങ്കമണി റോഡിലെ ഇരട്ടയാർ ശാന്തിഗ്രാം പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. ശക്തമായ മഴയിൽ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടായതാണ് സംരക്ഷണഭിത്തി ഇടിയാൻ കാരണം. അപകടസാധ്യത മുന്നിൽക്കണ്ട് ഇതുവഴിയുള്ള വാഹനഗതാഗതം അധികൃതർ നിരോധിച്ചു. വാഹനങ്ങൾ സമാന്തര പാതകൾ ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു.
തോപ്രാംകുടി, തങ്കമണി തുടങ്ങിയ ഭാഗങ്ങളിലേക്കു പോകുന്ന ഭാരവാഹനങ്ങൾ ഇരട്ടയാർ നോർത്ത് വഴിയും അതല്ലെങ്കിൽ ഇരട്ടയാർ ഡാം സൈറ്റ് നാലുമുക്ക് റോഡ് വഴിയും പോകണം. നിലവിൽ ഇരുചക്ര വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാം. മഴ വീണ്ടും ശക്തമായി വെള്ളക്കെട്ട് രൂക്ഷമായാൽ കൂടുതൽ ഭാഗം ഇടിയാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
പാലത്തിന്റെ ഈ ഭാഗത്തെ സംരക്ഷണഭിത്തിയുടെ അപകടാവസ്ഥ വർഷങ്ങൾക്കു മുൻപു തന്നെ ആളുകൾ ചൂണ്ടിക്കാണിച്ചിരുന്നതാണ്. എന്നാൽ, ഈ വിഷയം വേണ്ടത്ര ഗൗരവത്തിൽ ബന്ധപ്പെട്ടവർ എടുക്കാത്തതാണ് അപകടത്തിനു കാരണം.