മീൻ പിടിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1453373
Saturday, September 14, 2024 11:48 PM IST
അടിമാലി: അടിമാലി മാങ്കടവില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. കല്ലാർകുട്ടി മുതിരപ്പുഴ മാവനാൽ ശ്യാംദാസ് (42) ആണ് മരിച്ചത്.
രണ്ട് ദിവസം മുമ്പ് മാങ്കടവ് ക്ഷേത്രത്തിന് സമീപം കല്ലാര്‍പുഴയില്‍ യുവാവ് മീന്‍ പിടിക്കാന്‍ എത്തിയതായി പറയപ്പെടുന്നു. പിന്നീട് യുവാവിനെ കാണാതാവുകയായിരുന്നു. ശ്യാം ദാസ് തിരികെ വീട്ടില്‍ എത്താതെ വന്നതോടെയാണ് ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചത്. മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ പുഴയില്‍ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. പുഴക്കരയില്‍ യുവാവിന്റെ ഇരുചക്രവാഹനവും ചെരിപ്പും കണ്ടതോടെയായിരുന്നു ശ്യാംദാസ് പുഴയിലെ ഒഴുക്കില്‍ അകപ്പെട്ടതായി സംശയം ഉയര്‍ന്നത്.
യുവാവിനെ കണ്ടെത്താന്‍ വെള്ളിയാഴ്ച പുഴയില്‍ തെരച്ചില്‍ നടത്തിയിരുന്നു. വിവിധ സേനാവിഭാഗങ്ങളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ പുഴയില്‍ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെ പ്രദേശവാസികളാണ് പാലത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തിയത്. അടിമാലി ഫയര്‍ഫോഴ്സും പോലീസുമെത്തി തുടര്‍നടപടി സ്വീകരിച്ചു. ഭാര്യ: പ്രേമ. മക്കൾ: ആര്യനന്ദ, അതുൽ. സംസ്കാരം നടത്തി.