മ്ലാമല ശാന്തിപ്പാലം നിർമിച്ചവരെ നാട്ടുകാർ ആദരിക്കുന്നു
1453090
Friday, September 13, 2024 11:50 PM IST
കുമളി: മ്ലാമല ശാന്തിപ്പാലം യാഥാർഥ്യമാക്കിയവർക്കു നാട് ആദരം നല്കുന്നു. 16നു രാവിലെ 10.30ന് മ്ലാമല ഫാത്തിമ മാതാ പള്ളി പാരിഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ശാന്തിപ്പാലവും നൂറടിപ്പാലവും നിർമിക്കാൻ വഴിയൊരുക്കിയവരെയാണ് ആദരിക്കുന്നത്.
കോടതി ഇടപെടൽ
2018ലെ പ്രളയത്തിൽ പെരിയാറിൽ കുത്തിയൊലിച്ചെത്തിയ വെള്ളം പെരിയാറിനു കുറുകെ മ്ലാമലയെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിച്ചിരുന്ന ശാന്തിപ്പാലവും നൂറടിപ്പാലവും തകർത്തു.
പാലങ്ങൾ പുനർനിർമിക്കാൻ അധികൃതർ തയാറാകാതെ വന്നതോടെ ഫാത്തിമ മാതാ സ്കൂളിലെ കുരുന്നുകൾ 2020 ജൂലൈൽ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് എഴുതിയ കത്ത് പരിഗണിച്ച കോടതി ലീഗൽ സർവീസസ് അഥോററ്റിയുടെ റിപ്പോർട്ട് പ്രകാരം പാലങ്ങൾ പുനർനിർമിക്കാൻ ഉത്തരവിടുകയായിരുന്നു.
18 മാസം കൊണ്ട് രണ്ടു പാലങ്ങളും റോഡുകളും നിർമിക്കണമെന്നായിരുന്നു ജസ്റ്റീസുമാരായ എസ്. മണികുമാർ, ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. കോടതി ഉത്തരവ് നടപ്പാക്കാൻ പൊതുമരാത്ത്, തദ്ദേശ സ്വയംഭരണ വവകുപ്പ് അധികൃതർ തയാറായില്ല. ഇതിനെത്തുടർന്നു ഫാത്തിമ മാതാ ഹൈസ്കൂൾ വിദ്യാർഥികൾ ഹൈക്കോടതിക്കു വീണ്ടും കത്തെഴുതി. ഇതിനെത്തുടർന്നു രണ്ടു വകുപ്പു സെക്രട്ടറിമാരെയും കോടതി വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ടതോടെയാണ് നിർമാണം തുടങ്ങിയത്. നിർമാണം കോടതിയുടെ കർശന നിരീക്ഷണത്തിലായിരുന്നു. എട്ടുകോടി രൂപ മുടക്കിൽ ശാന്തിപ്പാലം പൂർത്തിയാക്കി ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു രണ്ടു ദിവസം മുന്പ് ഒണ് ലൈനിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു.
പ്രതികാരം
കോടതിയുടെയും കുട്ടികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ഉദ്ഘാടനം നടത്തണമെന്ന നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും ആവശ്യം പ്രതികാരമെന്നോണം ബന്ധപ്പെട്ടവർ അവഗണിക്കുകയായിരുന്നു.
ഇതിനെത്തുടർന്നാണ് പാലം യാഥാർഥ്യമാക്കാൻ കാരണക്കാരായവരെ ആദരിക്കാൻ നാട്ടുകാർ തീരുമാനിച്ചത്. സ്കൂൾ ലീഗൽ സർവീസ് ക്ലബ്ബിന്റെ വാർഷികത്തോടനുബന്ധിച്ചാണ് ആദരിക്കൽച്ചടങ്ങ് സംഘടിപ്പിക്കുന്നത്.
പങ്കെടുക്കുന്ന പ്രമുഖർ
ശാന്തിപ്പാലത്തിൽ വിശിഷ്ടാതിഥികൾക്ക് എസ്പിസി കേഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകും. തൊടുപുഴ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് പി.എസ്. ശശികുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം പി. വാഴൂർ സോമൻ എം എൽ എ, അന്ന് ലീഗൽ സർവീസസ് അഥോററ്റി മെന്പർ സെക്രട്ടറിയായിരുന്ന തലശേരി പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ.ടി. നിസാർ അഹമ്മദ്, ജില്ലാ ലീഗൽ സർവീസസ് അഥോററ്റി സെക്രട്ടറിയായിരുന്ന ഇപ്പോൾ പെരുന്പാവൂർ ഫാസ്റ്റ്ട്രാക് കോടതി സ്പെഷൽ ജഡ്ജിയായ ദിനേശ് എം. പിള്ള, ഫാമിലി കോർട്ട് ജില്ലാ ജഡ്ജ് ജോഷി എം. ജോണ്, സബ് ജഡ്ജ് സിറാജുദീൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഫാത്തിമ സ്കൂൾ ഹെഡ്മാസ്റ്റർ കെ.എം. ജോർജ്കുട്ടി, അധ്യാപകൻ ജെ. ഫ്രാൻസിസ്, പിടിഎ പ്രസിഡന്റ് ജോസഫ് മാത്യു, ലീഗൽ സർവീസ് ക്ലബ് പ്രസിഡന്റ് ലിനോ ലാലിച്ചൻ, സെക്രട്ടറി ഡയാന ചാക്കോ എന്നിവർ അറിയിച്ചു.