ഇടുക്കി അണക്കെട്ടിൽ ബോട്ട് സർവീസ് ഇന്നുമുതൽ
1452569
Wednesday, September 11, 2024 11:33 PM IST
ഇടുക്കി: വാർഷിക അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇടുക്കി ഡാമിൽ നിർത്തിവച്ചിരുന്ന ബോട്ട് സർവീസ് ഇന്ന് പുനരാരംഭിക്കും.
ഇടുക്കി-ചെറുതോണി അണക്കെട്ടുകളുടെ ദൃശ്യഭംഗിയും കാനന കാഴ്ചകളും ആസ്വദിച്ച് വിനോദ സഞ്ചാരികൾക്ക് ബോട്ട് സവാരി നടത്താനാണ് ഇടുക്കി തട്ടേക്കാട് ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയുടെ കീഴിൽ സൗകര്യം ഒരുക്കിയിരിക്കുന്നത്.
രാവിലെ ഒൻപതിന് ആരംഭിച്ച് വൈകുന്നേരം അഞ്ചിന് അവസാനിക്കുന്ന തരത്തിലാണ് ബോട്ടിംഗ് ക്രമീകരിച്ചിരിക്കുന്നത്. മുതിർന്നവർക്ക് 145 രൂപയും 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് 85 രൂപയുമാണ് ഫീസ്. അരമണിക്കൂറാണ് യാത്രാസമയം.
വെള്ളാപ്പാറ ബോട്ട്ജെട്ടിയിൽനിന്നാരംഭിക്കുന്ന യാത്രയിൽ ഇടുക്കി-ചെറുതോണി അണക്കെട്ടുകളുടെയും വൈശാലി ഗുഹയുടെയും കാഴ്ചകൾ ആസ്വദിക്കാം. ഇടുക്കി പദ്ധതിയുടെ തുടക്കം മുതലുള്ള ചരിത്രം സഞ്ചാരികൾക്ക് വിവരിച്ച് കൊടുക്കാൻ ഗൈഡും ഒപ്പമുണ്ടാകും. 18 പേർക്ക് യാത്രചെയ്യാൻ കഴിയുന്ന ഒരു ബോട്ടാണ് നിലവിലുള്ളത്.
ഇടുക്കി പാക്കേജിൽപ്പെടുത്തി അനുവദിച്ച 10, 18 സീറ്റുകളുടെ രണ്ട് ബോട്ടുകൾ ഉടൻ ലഭ്യമാകുമെന്ന് ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.