പൈക ആശുപത്രി ജംഗ്ഷനില്‍ ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിക്കും
1580324
Thursday, July 31, 2025 11:43 PM IST
പൈക: ഗവണ്മെന്റ് ആശുപത്രി ജംഗ്ഷനില്‍ പൊന്‍കുന്നം ഭാഗത്തേക്ക് പോകുവാനുള്ള ബസ് യാത്രികര്‍ക്കുള്ള കാത്തിരിപ്പുകേന്ദ്രത്തിന് തറക്കല്ലിട്ടു. പൈക ആശുപത്രി കെട്ടിടം നിലവില്‍ വന്ന ശേഷം വര്‍ഷങ്ങളായി ഇവിടെ ഒരു ബസ് കാത്തിരിപ്പുകേന്ദ്രം ഇല്ലായിരുന്നു. എലിക്കുളം, കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളില്‍ നിന്നെത്തുന്ന രോഗികള്‍ക്ക് ഈ ബസ് കാത്തിരിപ്പു കേന്ദ്രം ആശ്വാസമാകും.
പൈക ജ്യോതി പബ്ലിക് സ്കൂൾ അധികൃതരുടെയും പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടന്റെയും വര്‍ഷങ്ങളായുള്ള ശ്രമംകൂടിയാണ് ഇവിടെ സഫലമാകുന്നത്. ആശുപത്രിയിലെത്തുന്ന പൊന്‍കുന്നം ഭാഗത്തുള്ള യാത്രക്കാര്‍ക്കും രോഗികള്‍ക്കും ഇരിക്കുവാനോ, മഴയത്തു കയറി നില്ക്കുവാനോ സൗകര്യമുണ്ടായിരുന്നില്ല. പൈക ജോതി പബ്ലിക് സ്കൂളാണ് ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ നിര്‍മാണം നടത്തുന്നത്.
പൈക സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. മാത്യു വാഴയ്ക്കപാറയില് തറക്കല്ലിടീല്‍ നിര്‍വഹിച്ചു. എലിക്കുളം പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസറ്റ് കണിവേലില്‍, സിസ്റ്റര്‍ അല്‍ഫോന്‍സ മഠത്തിപ്പറമ്പില്‍, സിസ്റ്റര്‍ റെജിന്‍, ലിജോയ്സ് ചാക്കോ എന്നിവര്‍ സംബന്ധിച്ചു.