അന്ധവിദ്യാര്‍ഥികള്‍ക്കായി നിര്‍മിച്ച സാങ്കേതികവിദ്യ ശ്രദ്ധേയമാകുന്നു
1580533
Friday, August 1, 2025 11:21 PM IST
കാഞ്ഞിരപ്പള്ളി: ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യയിലൂടെ പ്രാദേശികമായി നിര്‍മിച്ച ബ്രെയ്ലി ബ്ലോക്ക് ബില്‍ഡര്‍ വാളക്കയം സര്‍വോദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ കാളകെട്ടി അസീസി സ്കൂള്‍ ഫോര്‍ ദ ബ്ലൈന്‍ഡിലെ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ സ്ട്രഡ് പ്രോജക്ടിലൂടെ നിര്‍മിച്ച ഉപകരണങ്ങള്‍ അന്ധര്‍ക്ക് കഥകളിലൂടെയും പ്രശ്നപരിഹാരത്തിലൂടെയും ബ്രെയ്ലി ബ്ലോക്കുകള്‍ ഉപയോഗിച്ച് ഇംഗ്ലീഷ് വാക്കുകള്‍ രൂപപ്പെടുത്താന്‍ സഹായകമാണ്.
സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റിന്‍സി ഉദ്ഘാടനം ചെയ്തു. സര്‍വോദയ ഗ്രന്ഥശാലാ പ്രസിഡന്റ് സാബു ഫിലിപ്പ്, സെക്രട്ടറി ലിജോ ജോയി, ലൈബ്രറി ഭാരവാഹികളായ ജോസ് ജോര്‍ജ്, വല്‍സമ്മ സണ്ണി, ലൗലി ആന്റണി എന്നിവര്‍ നേതൃത്വം വഹിക്കുന്ന ടീം പത്ത് ഉപകരണങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു.
പതിനഞ്ചോളം വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും മറ്റ് അംഗങ്ങളും ചേര്‍ന്ന് പുനര്‍ജീവ ടെക്നോളജി സൊല്യൂഷന്‍സിന്റെ നേതൃത്വത്തില്‍ ത്രീ ഡി പ്രിന്റിംഗ് ഉപയോഗിച്ചാണ് ഈ കിറ്റുകള്‍ അസംബിള്‍ ചെയ്തത്. കെ ഡിസ്ക് സോഷ്യല്‍ എന്റര്‍പ്രൈസ് ആൻഡ് ഇന്‍ക്ലൂഷന്‍ ഡിവിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റോബിന് ടോമി പരിപാടിക്ക് നേതൃത്വം നല്കി.