ഏഴാം ധനകാര്യ കമ്മീഷനു മുന്നില്‍ നിര്‍ദേശങ്ങളുമായി ജനപ്രതിനിധികള്‍
1580248
Thursday, July 31, 2025 7:19 AM IST
കോട്ടയം: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് അനുവദിക്കലും അവയുടെ വിനിയോഗവും സംബന്ധിച്ച് ഏഴാം ധനകാര്യകമ്മീഷനു മുമ്പില്‍ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് ജില്ലാ ആസൂത്രണ സമിതിയംഗങ്ങളും ജനപ്രതിനിധികളും. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കുന്നതിനും സാമ്പത്തിക ശാക്തീകരണത്തിനുമുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കാനാണ് കമ്മീഷന് ചെയര്മാന് ഡോ. കെ.എന്‍. ഹരിലാല്‍ പ്രത്യേക ജില്ലാ ആസൂത്രണസമിതി യോഗത്തില്‍ പങ്കെടുത്തത്.
ധനവിന്യാസവും പദ്ധതി രൂപീകരണവും നിര്‍വഹണവുമായി ബന്ധപ്പെട്ടതും ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ടതുമായ വിവരങ്ങളാണ് തേടിയത്. പരമ്പരാഗത ചെലവുകള്‍ക്കുള്ള ഫണ്ട്(ജനറല്‍ പര്‍പസ് ഫണ്ട്), റോഡ് ഇതര സംരക്ഷണ ഫണ്ട്, റോഡ് സംരക്ഷണ ഫണ്ട്, വികസന ഫണ്ട്, പട്ടികജാതി-പട്ടിക വര്‍ഗ ഉപപദ്ധതി ഫണ്ടുകള്‍ തുടങ്ങിയവയേക്കുറിച്ചുള്ള അഭിപ്രായങ്ങള്‍, എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്നിങ്ങനെയുള്ള വിവരങ്ങള്‍ കമ്മീഷന് ആരാഞ്ഞു.
നഗരവത്കരണവുമായി ബന്ധപ്പെട്ടു നേരിടുന്ന വെല്ലുവിളികള്‍, തനതുവരുമാനം മെച്ചപ്പെടുത്തല്‍, സേവനങ്ങള്‍ മെച്ചപ്പെടുത്തല്‍, തദ്ദേശ സ്വയംഭരണ സര്‍ക്കാരുകളുടെ ഭരണസംവിധാനം മെച്ചപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളിലും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അഭിപ്രായങ്ങള്‍ പങ്കുവച്ചു.
ജനറല്‍ പര്‍പസ് ഫണ്ട് നല്കുമ്പോള് വരുമാനം കുറവുള്ള പഞ്ചായത്തുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് ആവശ്യമുയര്‍ന്നു. പട്ടികജാതി പട്ടികവര്‍ഗ ഫണ്ടുകള്‍ കൂടുതലായി അനുവദിക്കുക, തോടുകളിലെ എക്കല്‍ നീക്കുന്നതിനുള്ള ചുമതല മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്ട്ടുമെന്റില് നിന്നുമാറ്റി പഞ്ചായത്തുകളെ ഏല്‍പ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു.
തദ്ദേശസ്ഥാപനങ്ങളിലെ നികുതി പിരിവ് ഊര്‍ജിതമാക്കുന്നതിന് സെമി ജുഡീഷല്‍ അധികാരമുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നതിന് ശിപാര്‍ശ ചെയ്യുന്ന കാര്യം കമ്മീഷന്റെ പരിഗണനയിലുണ്ടെന്നും ചെയര്മാന് ഡോ. കെ.എന്‍. ഹരിലാല്‍ പറഞ്ഞു. ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയററ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ അധ്യക്ഷത വഹിച്ചു.