കന്യാസ്ത്രീകളുടെ അറസ്റ്റ് : പ്രതിഷേധം അലയടിക്കുന്നു
1580502
Friday, August 1, 2025 7:09 AM IST
ഭാരത സംസ്കാരത്തിനേറ്റ മുറിവ്: വിജയപുരം രൂപത വൈദിക സമ്മേളനം
കോട്ടയം: ഛത്തീസ്ഗഡില്‍ മിഷനറി പ്രവര്‍ത്തനം നടത്തുന്ന രണ്ടു കന്യാസ്ത്രീകളെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് തടവിലാക്കിയതും ജാമ്യം നിഷേധിച്ചതും ഭാരത സംസ്കാരത്തിനേറ്റ വലിയ മുറിവാണെന്നു വിജയപുരം രൂപത വൈദിക സമ്മേളനത്തിന്റെയും രൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെയും സംയുക്ത യോഗം പ്രസ്താവിച്ചു.
പതിറ്റാണ്ടുകളായി കാരുണ്യപ്രവൃത്തികള്‍ ചെയ്യുന്ന ഈ മിഷനറിമാരെ മതപരിവര്‍ത്തനം നടത്തുന്നവരെന്ന് ആക്ഷേപിക്കുന്നതു തികച്ചും വേദനാജനകമാണ്. എത്രയും വേഗം നീതി നടപ്പാക്കണമെന്നും കന്യാസ്ത്രീകളെ മോചിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അന്യായമായ ഈ സംഭവത്തിലുള്ള വിജയപുരം രൂപതയുടെ പ്രതിഷേധം യോഗം രേഖപ്പെടുത്തി. ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ അധ്യക്ഷതയില്‍ വഹിച്ചു. സഹായമെത്രാന്‍ ബിഷപ് ഡോ. ജെസ്റ്റിന് മഠത്തില്‍പ്പറമ്പില്‍, ഫാ. വര്‍ഗീസ് കോട്ടക്കാട്ട്, ഫാ. അജി ചെറുകാക്രാഞ്ചേരില് എന്നിവര്‍ പ്രസംഗിച്ചു.
ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു
കോട്ടയം: ഛത്തീസ്ഗഡില്‍ തടവില്‍ കഴിയുന്ന സിസ്റ്റര്‍മാരുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത ബിജെപി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്സി-എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. പോസ്റ്റ് ഓഫീസ് കവാടത്തില്‍ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു.
ഉപരോധ സമരം കെഎസ്സി -എം സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേല്‍ ഉദ്ഘാടനം ചെയ്തു. ജോ തോമസ്, ജേക്കബ് ഷൈന്‍, റോഷന് ചുവപ്പുങ്കല്‍, അമല്‍ ചാമക്കാല, ലിയോ ജോളി, വിനയ് വര്‍ഗീസ്, ഡൈനോ കുളത്തൂര്‍, ബോണി തടത്തില്‍, ലിബിന് ബിജോയ്, സ്റ്റീവ് സ്റ്റീഫന്‍, അമല്‍ മോന്‍സി, ശരണ്‍ സജി എന്നിവര്‍ പ്രസംഗിച്ചു. പോസ്റ്റ് ഓഫീസ് ഉപരോധത്തിനു മുന്‍പ് കെഎസ്സി-എം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.
കന്യാസ്ത്രീകളുടെ മോചനത്തിൽ പ്രധാനമന്ത്രിയും മന്ത്രിമാരും ഇടപെടണം: കേരള കര്‍ഷക യൂണിയന്
കോട്ടയം: ഛത്തീസ്ഗഡില്‍ മലയാളികളായ സിസ്റ്റേഴ്സിനെ അവര്‍ നല്കിയ വിശദീകരണം പരിഗണിക്കാതെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിലാക്കിയ സംഭവം ഭരണഘടന അനുവദിച്ചു നല്കുന്ന മൗലികാവകാശങ്ങളിലുള്ള കടന്നുകയറ്റവും ന്യൂനപക്ഷാവകാശ ലംഘനവുമാണെന്ന് കേരള കര്‍ഷക യൂണിയന് സംസ്ഥാനകമ്മിറ്റി.
കന്യാസ്ത്രീകളെ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയരാക്കിയത് നിയമ സംവിധാനങ്ങള്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്നതിന്റെ തെളിവാണ്. ബജ്രംഗ്ദള്പോലുള്ള തീവ്രവാദ സംഘടനകള്‍ രാജ്യത്തിന്റെ ഭരണഘടനാ സംരക്ഷകരാകുന്നത് അപകടകരമാണ്.
എംപിമാര്‍ ആവശ്യപ്പെട്ടിട്ടും കന്യാസ്ത്രീകളുടെ പേരിലുള്ള കേസുകള്‍ പിന്‍വലിച്ചു ജയിലില്‍നിന്നും പുറത്തിറക്കാനുള്ള സാഹചര്യം രൂപപ്പെടാത്തതിനാല്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര- നിയമ- ന്യൂനപക്ഷ വകുപ്പ് മന്ത്രിമാരും അടിയന്തരമായി ഇടപെടണമെന്ന് കേരള കര്‍ഷക യൂണിയന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ജയിംസ് നിലപ്പന എന്നിവര്‍ ആവശ്യപ്പെട്ടു.