ഉജ്വല യുവത്വം ഭാവി ഭാരതത്തിന്റെ സമ്പത്ത്: സിജോയ് വര്‍ഗീസ്
1580520
Friday, August 1, 2025 7:24 AM IST
ചങ്ങനാശേരി: യുവാക്കളാണ് നാളത്തെ ഭാരതത്തെ രൂപപ്പെടുത്തേണ്ടതെന്ന് പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കറും ചലച്ചിത്രതാരവുമായ സിജോയ് വര്‍ഗീസ്. വിദ്യാഭ്യാസത്തോടൊപ്പം തിരിച്ചറിവും മൂല്യങ്ങളും ആര്‍ജിക്കുമ്പോഴാണ് വ്യക്തിത്വം പൂർണമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു സംഘടിപ്പിച്ച പേഴ്സണാലിറ്റി കോണ്ടെസ്റ്റ് ദി ഐക്കണ്‍-2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജോബ് മൈക്കിള്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിന്‍സി വലിയപ്ലാക്കല്‍, പ്രിന്‍സിപ്പല്‍ ഷിജി വര്‍ഗീസ്, സിസ്റ്റര്‍ ടിസ പടിഞ്ഞാറേക്കര, എല്‍സമ്മ ജോബ്, ജിന്‍സ് ചാള്‍സ്, ഷിബു ജോസഫ്, ജൂലി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത മൂന്നു റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നെവിന് ജോസഫ് (സെന്റ് ആന്റണീസ് പബ്ലിക് സ്കൂള്‍, ആനക്കല്ല്), ആഷേര്‍ ജോസഫ് (സെന്റ് ആന്‍സ് എച്ച്എസ്എസ്, കുര്യനാട്),
ഫെലിക്സ് ജസ്റ്റിന് (സെന്റ് ആന്റണീസ് പബ്ലിക് സ്കൂള്‍, ആനക്കല്ല്) എന്നിവരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ധന്യ മെറിന് സോജന് (ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂള്‍, തെങ്ങണ), അമൃത സന്തോഷ് (ഇത്തിത്താനം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മലകുന്നം), തീര്ഥദേവി വി. (കെഇ സ്കൂള്‍, മാന്നാനം)എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് 50,000 രൂപയുടെ സമ്മാനങ്ങളും ട്രോഫികളും, പങ്കെടുത്ത എല്ലാവര്ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്കി.