കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിഷേധം കനക്കുന്നു
1580516
Friday, August 1, 2025 7:24 AM IST
കുറുമ്പനാടം ഫൊറോന കൗണ്‍സിൽ
കുറുമ്പനാടം: ഭരണഘടനയും ജനാധിപത്യവും വികലമാക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നത് അനീതിയാണെന്ന് അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്. ഛത്തീസ്ഗഡില്‍ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് കുറുമ്പനാടം ഫൊറോന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തെങ്ങണയില്‍ നടത്തിയ പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ കുറുമ്പനാടം ഫൊറോന വികാരി റവ.ഡോ. ജോബി കറുകപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. കുറുമ്പനാടം ഫൊറോന പള്ളിയില്‍നിന്ന് ആരംഭിച്ച പ്രതിഷേധ റാലി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ ഫ്ളാഗ് ഓഫ് ചെയ്തു.
അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഫൊറോന കൗണ്‍സില്‍ സെക്രട്ടറി സോബിച്ചന് കണ്ണമ്പള്ളി പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ഫാ. സെബാസ്റ്റ്യന്‍ കളത്തിപ്പറമ്പില്‍, സിസ്റ്റര്‍ റെജിന്‍ മേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
അതിരൂപത പ്രവാസി അപ്പൊസ്തലേറ്റ്
ചങ്ങനാശേരി: മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും എന്ന പേരില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ നടപടിയില്‍ ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പൊസ്തലേറ്റ് പ്രതിഷേധം രേഖപ്പെടുത്തി.
ജയിലിലടയ്ക്കപ്പെട്ട കന്യാസ്ത്രീകളുടെ അടിയന്തര മോചനത്തിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും ഉടന്‍ ഇടപെടണമെന്നും പ്രവാസി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ടെജി പുതുവീട്ടില്‍ക്കളം ആവശ്യപ്പെട്ടു.
അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിജോ മാറാട്ടുകളം, അതിരൂപതാ കോ-ഓര്‍ഡിനേറ്റര്‍ ഷെവ. സിബി വാണിയപ്പുരയ്ക്കല്‍, നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ റെജി തോമസ്, ഗള്‍ഫ് കോ-ഓര്‍ഡിനേറ്റര്‍ ബിജു മട്ടാഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി, സംസ്ഥാന മുഖ്യമന്ത്രി എന്നിവര്‍ക്ക് ഇ-മെയില്‍ സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോ കാവാലത്തെ ചുമതലപ്പെടുത്തി.
പാറേല്‍ എകെസിസി
ചങ്ങനാശേരി: ഛത്തീസ്ഗഡില്‍ ആതുരസേവനം നടത്തിവന്ന സിസ്റ്റേഴ്സിനെതിരേ കള്ളക്കേസ് എടുത്ത് തുറുങ്കിലടച്ച ബജ്രംഗ് ദൾ തീവ്രവാദത്തിനെതിരേ എകെസിസി പാറേല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം ചേർന്നു. ഫാ. സിബിന് പാലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പി.സി. കുഞ്ഞപ്പന് അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യന്‍ മേടയില്‍, പ്രിന്‍സ് കുട്ടംപേരൂർ, ബാബു വള്ളപ്പുര, പ്രഫ. സെബാസ്റ്റ്യന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
ആം ആദ്മി പാര്‍ട്ടി
ചങ്ങനാശേരി: ഛത്തീസ്ഗഡില്‍ അകാരണമായി തടവിലാക്കപ്പെട്ട കന്യാസത്രീകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി ചങ്ങനാശേരി അരമനപ്പടിയില്‍നിന്ന് ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍ഡിലേക്ക് പ്രതിഷേധപ്രകടനവും തുടർന്ന് സമ്മേളനവും നടത്തി.
പാര്‍ട്ടി സംസ്ഥാന വക്താവ് ഡോ. സാജു കണ്ണന്തറ ഉദ്ഘാടനം ചെയ്തു. ഡോ. സെലിന് ഫിലിപ്പ്, ജോയി ആനിത്തോട്ടം, പ്രിന്‍സ് മാമ്മൂട്ടില്‍, സേവ്യര്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.