ഒടുവിൽ പുളിച്ചമാക്കല്‍ പാലം അടച്ചു; എന്നു തുറക്കും?
1580542
Friday, August 1, 2025 11:21 PM IST
കൊല്ലപ്പള്ളി: പാലം അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് കവലവഴിമുക്ക്-മങ്കര റോഡിലെ പുളിച്ചമാക്കല്‍ പാലത്തിലൂടെയുള്ള യാത്ര നിരോധിച്ചു. ഏറെക്കാലമായി മാധ്യമങ്ങളും നാട്ടുകാരും പുളിച്ചമാക്കല്‍ പാലം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, നടപടിയെടുക്കാതെ അധികൃതർ തീരുമാനം നീട്ടിക്കൊണ്ടു പോവുകയായിരുന്നു. കടുത്ത അപകടഭീഷണിയിലേക്ക് എത്തിയതോടെ ഇപ്പോൾ പാലം അടച്ചു.
നാട്ടുകാർക്ക് ഏറെ പ്രയോജനകരമായ പാതയിലെ പാലം ഇനി എന്നു പുനർനിർമിച്ച് തുറന്നുകൊടുക്കുമെന്നതാണ് ഇപ്പോൾ നാട്ടുകാരുടെ ആശങ്ക. പാലം അടയ്ക്കാൻതന്നെ ഏറെക്കാലമെടുത്തു. അപ്പോൾ പണി എത്രനാൾ നീളുമെന്ന് ആർക്കു പറയാനാകുമെന്നു നാട്ടുകാർ ചോദിക്കുന്നു.
പാലം അപകടാവസ്ഥയിലാണെന്നും അടിയന്തരമായി പുനർനിർമിക്കണമെന്നും കാണിച്ചു പലതവണ നാട്ടുകാർ നിവേദനം നൽകിയിരുന്നു. വർഷങ്ങൾക്കു മുന്‍പ് പാലത്തിനു സമീപം റോഡിൽ ഒരു വലിയ കുഴിയാണ് രൂപപ്പെട്ടത്. ഇത് അടച്ചെങ്കിലും കാലവർഷം കനത്തതോടെ ഇതിനു സമീപത്തെ സംരക്ഷണഭിത്തി തകർന്നു.
പാലത്തിന്റെ അബട്ട്മെന്റിനോടു ചേര്‍ന്നുള്ള റിംഗ് വാള് തകര്‍ന്നതോടെയാണ് യാത്രാനിരോധനം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് റിംഗ് വാള് തോട്ടിലേക്കു തകര്‍ന്നുവീണത്. പാലം അടിയന്തരമായി ഗതാഗതയോഗ്യമാക്കാൻ മാണി സി. കാപ്പൻ എംഎൽഎ നിർദേശം നൽകിയിട്ടുണ്ടെങ്കിലും അധികൃതർ എത്രത്തോളം ഇതു പാലിക്കുമെന്നതിൽ നാട്ടുകാർക്ക് ആശങ്കയുണ്ട്.