മെഡി. കോളജ് അപകടം അന്വേഷണ റിപ്പോര്‍ട്ട് : രക്ഷാപ്രവര്‍ത്തനം വൈകിയില്ലെന്ന് കളക്ടര്‍
1580124
Thursday, July 31, 2025 5:50 AM IST
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പഴയ കെട്ടിടം തകര്‍ന്നുവീണു വീട്ടമ്മ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്നാണ് കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുന്‍പ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നുമില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂലൈ മൂന്നിനു രാവിലെ 11നാണ് പതിനാലാം വാര്‍ഡിലെ ശുചിമുറിയുടെ ഭാഗം തകര്‍ന്നുവീണു തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്. വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
അപകടം നടന്ന സ്ഥലത്ത് മണ്ണുമാന്ത്രിയന്ത്രം എത്തിക്കാന്‍ ഇടമില്ലാതിരുന്നതിനാല്‍ വാര്‍ഡിന്റെ കവാടം പൊളിച്ച് സൗകര്യം ഒരുക്കേണ്ടിവന്നത് പരിമിതിയായി റിപ്പോര്‍ട്ടിലുണ്ട്.
തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രണ്ടര മണിക്കൂറിനുശേഷമാണ് ബിന്ദുവിനെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. രക്ഷാപ്രവര്‍ത്തനം വൈകിയെന്നും കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുന്‍പുതന്നെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. അപകടം നടന്ന് 26-ാം ദിവസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അന്വേഷണ റിപ്പോര്‍ട്ടല്ല, മംഗളപത്രം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജൂലൈ മൂന്നിന് ടോയ്ലറ്റ് കെട്ടിടം വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തില്‍ കളക്ടര്‍ ജോണ്‍ വി. സാമുവൽ സമർപ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിനുള്ള മംഗളപത്രമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പ്രതികരിച്ചു.
റിപ്പോര്‍ട്ട് വസ്തുതകള്‍ മറച്ചുവയ്ക്കുന്നതാണെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നു.
കെട്ടിടം ഉപയോഗത്തിലുള്ളതല്ലെന്നും ആരും അപകടത്തില്‍പ്പെട്ടിട്ടില്ലെന്നും സ്ഥലത്തെത്തിയ മന്ത്രിമാരായ വി.എന്‍. വാസവനും വീണാ ജോര്‍ജും പറഞ്ഞത് തെരച്ചില്‍ വൈകാന്‍ കാരണമായതായി റിപ്പോര്‍ട്ടിലില്ല.
ബിന്ദുവിനെ കാണാനില്ലെന്ന വാര്‍ത്ത പരന്ന് ഒരു മണിക്കൂറിനു ശേഷമാണ് തെരച്ചില്‍ തുടങ്ങിയത്. കെട്ടിടം ഉപയോഗശൂന്യമായിരുന്നുവെന്ന് പറയുമ്പോഴും നിരവധി രോഗികളും കൂട്ടിരിപ്പുകാരും ഇതേ ടോയ്ലറ്റ് ഉപയോഗിച്ചിരുന്നു. പുതിയ കെട്ടിടം പണിതീര്‍ന്നെങ്കിലും അവിടേക്ക് വാര്‍ഡ് മാറ്റാന്‍ കാലതാമസമുണ്ടായതായും തിരുവഞ്ചൂർ പറഞ്ഞു.