റിവര്‍വ്യൂ റോഡും ബൈപാസും: നിയമക്കുരുക്ക് സര്‍ക്കാര്‍ തലങ്ങളില്‍
1580322
Thursday, July 31, 2025 11:43 PM IST
പാലാ: പാലായുടെ സ്വപ്നപദ്ധതിയായ റിവര്‍വ്യൂ റോഡിന്റെയും ബൈപാസിന്റെയും അവശേഷിക്കുന്ന പണികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍തലത്തില്‍ ഇഴയുന്നു. മീനച്ചിലാറിന്റെ തീരത്തുകൂടി ജനറലാശുപത്രി ജംഗ്ഷന് മുതല്‍ കൊട്ടാരമറ്റംവരെ തൂണുകളില്‍ പാലമായി തീര്‍ക്കുന്ന റിവര്‍വ്യൂ റോഡിനായി സ്വകാര്യ വ്യക്തിയുടെ കെട്ടിടമുള്ള സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ പാളിച്ചയാണ് നിര്‍മാണം നിലയ്ക്കുവാന്‍ പ്രധാന കാരണം. പൊതുമരാമത്ത് വകുപ്പ് മൂല്യനിര്‍ണയം സംബന്ധിച്ച് രേഖകളുണ്ടായാല് പാലാ ജനറലാശുപത്രിക്ക് മുന്നിലെ രണ്ടര സെന്റ് സ്ഥലം ഏറ്റെടുത്ത് കൈമാറാന്‍ തയാറാണന്ന് പാലാ ലാൻഡ് അക്വസിഷന്‍ തഹസില്‍ദാര്‍ ബിനു സെബാസ്റ്റ്യന്‍ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പാലംവിഭാഗം മൂല്യനിര്‍ണയം നടത്തി ജില്ലാ ഓഫീസിന് കൈമാറിയിട്ടുണ്ട്. ഇത് ജില്ലാ കളക്ടര്‍ക്ക് നല്‍കാനുണ്ട്. ജില്ലാ കളക്ടറുടെ അറിയിപ്പ് എത്തിയാലുടന്‍ തുക കൈമാറി സ്ഥലം ഏറ്റെടുക്കുമെന്നും അദേഹം പറഞ്ഞു. പാലാ ബൈപാസ് റോഡിന്റെ മൂന്നാംഘട്ടത്തിലെ വളവുള്ള ഭാഗം നിവര്‍ത്തുന്നതിനുള്ള നടപടികളും നിയമ നടപടികളോടൊപ്പം സര്‍ക്കാര്‍ തലത്തിലുള്ള നടപടികളിലും കുരുങ്ങിക്കിടക്കുകയാണ്. അരുണാപുരം ഭാഗത്ത് മരിയന്‍ ജംഗ്ഷനില്‍ ഒരു വീടും സ്ഥലവുമാണ് ഏറ്റെടുക്കാനുള്ളത്.
ഇവിടെ സ്ഥലമുടമ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് നടപടികള്‍ നിശ്ചലമായിരുന്നു. പിന്നീട് വീണ്ടും ഭരണാനുമതി ലഭിക്കുന്നതിനായി പൊതുമരാമത്ത് വിഭാഗം സ്ഥലം പരിശോധിച്ച് ചീഫ് എന്‍ജിനിയറുടെ ഓഫീസിന് റിപ്പോര്‍ട്ട് നല്‍കിയതായി റോഡ് പാലംവിഭാഗം അധികൃതര്‍ അറിയിച്ചു.
ചീഫ് എന്‍ജിനിയര്‍ പുതുക്കിയ ഭരണാനുമതിക്കായി സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. പുതുക്കിയ ഭരണാനുമതി ലഭിച്ചാല്‍ തുടര്‍നടപടികള്‍ തുടങ്ങുമെന്നും പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. ഹോട്ടലുടമയുടെ സ്ഥലം ഏറ്റെടുക്കാന്‍ തുടക്കത്തില്‍ വിട്ടുപോയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് മാണി സി. കാപ്പന് എംഎല്‍എ പറഞ്ഞു. പാലാ ബൈപാസിലെ സ്ഥലമുടമ കോടതിയെ സമീപിച്ചിട്ടുണ്ടങ്കിലും സര്‍ക്കാരിന് മറികടക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.