വടയാർ-തലയോലപ്പറന്പ് റോഡിന് ഏഴു കോടി രൂപ
1580252
Thursday, July 31, 2025 7:19 AM IST
തലയോലപ്പറമ്പ്: നവകേരള സദസിൽ ഉയർന്നുവന്ന പദ്ധതികളിൽനിന്നു വൈക്കം നിയോജകമണ്ഡലത്തിൽ ഏഴു കോടി രൂപയുടെ നിർമാണ പ്രവൃത്തിക്ക് സർക്കാർ അംഗീകാരം ലഭിച്ചു. വടയാർ പാലത്തിന് പടിഞ്ഞാറു ഭാഗം മുതൽ തലയോലപ്പറമ്പ് പള്ളിക്കവലവരെയുള്ള അഞ്ചര കിലോമീറ്റർ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള പുനർനിർമാണത്തിനും മറ്റ് അനുബന്ധ പ്രവൃത്തികൾക്കുമായാണ് ഏഴുകോടി രൂപ അനുവദിച്ചിരിക്കുന്നത്.
നവകേരള സദസിൽ സിപിഎം വടയാർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടയാർ മുതൽ തലയോലപ്പറമ്പ് വരെയുള്ള ഭാഗത്തെ താഴ്ന്ന പ്രദേശങ്ങൾ മണ്ണിട്ടുയർത്തി ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിക്കണമെന്ന് ആവശ്യപ്പെട്ടു നിവേദനം സമർപ്പിച്ചിരുന്നു. ചെറിയ വെള്ളപ്പൊക്കത്തിൽ പോലും വടയാർ പാലത്തിനു പടിഞ്ഞാറ് ഭാഗത്തും ഇളങ്കാവ് ജംഗ്ഷനിലും പൊട്ടൻചിറ പമ്പിനു മുൻവശത്തും തോട് കവിഞ്ഞൊഴുകി ഗതാഗത തടസം ഉണ്ടാകുന്നത് പതിവാണ്.
നിലവിൽ അനുവദിച്ചിട്ടുള്ള ഫണ്ട് ഉപയോഗിച്ച് റോഡ് നിർമാണം പൂർത്തിയാകുന്നതോടെ പ്രദേശത്ത് കാലങ്ങളായി നിലനിൽക്കുന്ന പ്രശ്നമാണ് പരിഹരിക്കപ്പെടുന്നത്. തുടർന്നുള്ള സാങ്കേതിക നടപടികൾ കൂടി അടിയന്തരമായി പൂർത്തീകരിച്ച് നിർമാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങാനാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസിന്റെ ഓഫീസും സി. കെ.ആശ എംഎൽഎയും അറിയിച്ചു.