രാസവളം വിലവര്‍ധന: കർഷകർ മാര്‍ച്ചും ധര്‍ണയും നടത്തി
1580506
Friday, August 1, 2025 7:09 AM IST
കോട്ടയം: കര്‍ഷകരുടെമേല്‍ സാമ്പത്തികഭാരം അടിച്ചേല്പിച്ച് രാസവളം വില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരേ കര്‍ഷകരുടെ പ്രതിഷേധം. കേരള കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ ഏരിയാ കേന്ദ്രങ്ങളിലേക്കും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും മാര്‍ച്ചും ധര്‍ണയും നടത്തി.
എല്ലാത്തരം കൃഷികളെയും ബാധിക്കുന്ന തരത്തില്‍ വന്‍ വിലവര്‍ധനയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. പൊട്ടാഷ് 50 കിലോ ചാക്കിന് 250 രൂപ വര്‍ധിപ്പിച്ചു. യൂറിയ വളം കിട്ടാനുമില്ല. വളത്തിനുള്ള സബ്സിഡി ഓരോ വര്‍ഷവും കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുകയാണ്. കര്‍ഷകരെ ദുരിതത്തിലേക്ക് തള്ളിവിടുന്നതിനെതിരായ ശക്തമായ പ്രതിഷേധമാണ് നടന്നത്.
കോട്ടയത്ത് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാര്‍ച്ച് കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് ജോസഫ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കോട്ടയം ഏരിയ സെക്രട്ടറി ടി.എം. രാജന്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം സുരേഷ് ജേക്കബ്, ഏരിയ എക്സിക്യൂട്ടിവംഗം രാഹുല്‍ പി. ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പാമ്പാടി: രാസവളം വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ പാമ്പാടി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കർഷക സംഘം സംസ്ഥാന കമ്മറ്റിയംഗം പ്രഫ.ആർ. നരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കെ.എസ്. ഗിരീഷ്, ഇ.കെ. കുര്യൻ, കെ.എസ്. പ്രതീഷ്, കെ.ജി. ബാബു, ഷിബു കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.