രണ്ടു നൂറ്റാണ്ടിന്റെ പ്രകാശഗോപുരമായി സെന്റ് ഡൊമിനിക്സ് കത്തീഡ്രല്‍
1580314
Thursday, July 31, 2025 10:41 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രല്‍ സ്ഥാപിതമായിട്ട് 200 വര്‍ഷം പൂര്‍ത്തിയാകുന്നു. 1825 ഓഗസ്റ്റ് നാലിന് വിശുദ്ധ ദുമ്മിനിങ്കോസിന്റെ (വിശുദ്ധ ഡൊമിനിക്) നാമത്തിലാണ് പുത്തന്പള്ളിയെന്ന് അറിയപ്പെടുന്ന പള്ളി സ്ഥാപിച്ചത്.
പരിശുദ്ധ കന്യകമറിയത്തിന്റെ ഭക്തനും ജപമാലഭക്തി പ്രചരിപ്പിച്ച വിശുദ്ധനുമായ ഡൊമിനിക്കിന്റെ നാമധേയത്തില്‍ പള്ളി പണിതത് അക്കരയമ്മയോടുള്ള ബന്ധംമൂലമാണെന്നു കരുതപ്പെടുന്നു. 15-ാം നൂറ്റാണ്ടില്‍ നിലയ്ക്കലില്‍നിന്നു കുടിയേറിപ്പാര്‍ത്തവരാണ് കാഞ്ഞിരപ്പള്ളിയിലെ ക്രൈസ്തവസമൂഹം. ആദ്യകാലഘട്ടത്തില്‍ അരുവിത്തുറ പള്ളിയിലാണ് ആധ്യാത്മിക ആവശ്യങ്ങള്‍ക്കായി പോയിരുന്നത്.
പിന്നീട് ചിറ്റാര്‍ പുഴയോരത്ത് 1449-ല്‍ അക്കരപ്പള്ളി സ്ഥാപിച്ചു. പലതവണ പുനരുദ്ധരിച്ച പഴയപള്ളിക്ക് വെള്ളപ്പൊക്കത്തില്‍ 1825-ല്‍ പല നാശനഷ്ടങ്ങളുമുണ്ടായി. ഇതോടെയാണ് വെള്ളം കയറാത്ത ഉയര്‍ന്ന സ്ഥലത്തേക്ക് പള്ളി മാറ്റിസ്ഥാപിച്ചത്.
വിപുലീകരണം
വിശ്വാസികളുടെ എണ്ണം വര്‍ധിച്ചതോടെ 1878ല്‍ പുത്തന്‍പള്ളി വിപുലീകരിക്കാന്‍ തീരുമാനിച്ചു. 1882 ല്‍ മഴയിലും വെള്ളപ്പൊക്കത്തിലും പള്ളിക്കു കേടുപാടുകളുണ്ടായി മുഖവാരം ഇടിഞ്ഞുവീണു. 1884-ല്‍ താത്കാലിക പള്ളി എന്ന നിലയില്‍ സെമിത്തേരിക്കപ്പേള ഉപയോഗിച്ചു. 1885-ല്‍ പുതിയ പള്ളിയുടെ പണി ആരംഭിച്ച് 1897 വരെ നീണ്ടു. 1945-ല്‍ പള്ളി വീണ്ടും പൊളിച്ച് പുതിയ പള്ളിക്ക് മാര്‍ ജയിംസ് കാളാശേരി മെത്രാന് ശിലാസ്ഥാപനം നടത്തി. പിന്നീട് പല കാരണങ്ങളാല്‍ മുടങ്ങിയ പള്ളിപണി 1977-ല്‍ പൂര്‍ണമായും പൂര്‍ത്തിയാക്കിയത് 32 വര്‍ഷങ്ങള്‍ക്കു ശേഷമാണ്.
1971 മേയ് 23ന് മാർ ആന്റണി പടിയറ ശിലാസ്ഥാപനം നടത്തിയ നവീന വൈദികമന്ദിരം 1972 മേയ് 21ന് മാർ ജോസഫ് പവ്വത്തിൽ ഉദ്ഘാടനം ചെയ്തു. രൂപതാ സ്ഥാപനത്തിനുശേഷം പാസ്റ്ററൽ സെന്ററും അജപാലന ഓഫീസുകളും മെത്രാൻ മന്ദിരവും ഇവിടെയായിരുന്നു. പിന്നീട് 2016 ഏപ്രിൽ നാലിന് ഫാ. ജോർജ് ആലുങ്കലിന്റെ കാലത്ത് പുതിയ വൈദിക മന്ദിരവും 2020 ജൂൺ 19ന് ഫാ. വർഗീസ് പരിന്തിരിക്കലിന്റെ കാലത്ത് മദ്ബഹ നവീകരണവും പൂർത്തിയാക്കി.
ഭരണസംവിധാനം
കാഞ്ഞിരപ്പള്ളി ഇടവക പോര്‍ച്ചുഗീസുകാരുടെ ആഗമനശേഷം വരാപ്പുഴ ലത്തീന്‍ മെത്രാന്റെ കീഴിലായിരുന്നു. 1887-ല്‍ കോട്ടയം വികാരിയാത്തിന്റെയും പിന്നീട് ചങ്ങനാശേരി വികാരിയാത്തിന്റെയും ഭാഗമായി. ചങ്ങനാശേരിക്ക് കീഴിലെ ഏറ്റവും കിഴക്കേയറ്റത്തെ പള്ളിയായിരുന്നു കാഞ്ഞിരപ്പള്ളി. ഇടവകയെ ചങ്ങനാശേരി രൂപതയിലെ ഫൊറോനയായി 1919 സെപ്റ്റംബര്‍ 14 ന് ഉയര്‍ത്തി. അന്ന് ഈ ഫൊറോനയുടെ കീഴിൽ ആനിക്കാട്, ചെങ്ങളം, എലിക്കുളം, ഇളങ്ങുളം, പൊൻകുന്നം, തന്പലക്കാട്, കപ്പാട്, താമരക്കുന്ന്, ചെറുവള്ളി, പഴയ മണില,പുത്തൻ മണിമല, കോട്ടാങ്ങൽ എന്നീ 12 പള്ളികളാണ് ഉണ്ടായിരുന്നത്.
കത്തീഡ്രല്‍ ആകുന്നു
1977 ഫെബ്രുവരി 26-ന് പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ കല്‍പ്പന പ്രകാരം കാഞ്ഞിരപ്പള്ളി രൂപത രൂപീകൃതമായപ്പോള്‍ ഫൊറോനാ ദേവാലയമായിരുന്ന പുത്തന്‍പള്ളി കത്തീഡ്രലായി ഉയര്‍ത്തപ്പെട്ടു. രൂപത രൂപീകൃതമായപ്പോള്‍ 91 പള്ളികള്‍ ഉള്‍പ്പെടുന്ന ആറു ഫൊറോനകളുണ്ടായിരുന്നു. പുതിയ രൂപതയുടെ ആദ്യത്തെ മെത്രാനായി മാര്‍ ജോസഫ് പവ്വത്തില്‍ 1977 മേയ് 12-ന് സ്ഥാനമേറ്റു. ആ വര്‍ഷം തന്നെ ദേവാലയത്തിന്റെ 150-ാം വാര്‍ഷികവും നടത്തി.
ഇടവക ജനങ്ങള്‍
നിലവില്‍ 1500 കുടുംബങ്ങളിലായി പതിനായിരത്തോളം ഇടവകാംഗങ്ങളുണ്ട്. കത്തീഡ്രല്‍ ഇടവകയുടെ കീഴില്‍ സെന്റ് ഡൊമിനിക് കോളജ്, സെന്റ് ഡൊമിനിക്സ് ലോ കോളജ്, സെന്റ് ഡൊമിനിക്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. രൂപതയുടെയും സന്യാസിനീസമൂഹത്തിന്റെയും മേൽനോട്ടത്തില്‍ അഞ്ച് കാരുണ്യഭവനങ്ങളും രണ്ടു സ്കൂളുകളും പ്രവര്‍ത്തിക്കുന്നു. 1930 മുതല്‍ കര്‍മലീത്താമഠവും സെന്റ് മേരീസ് സ്കൂളും പ്രവര്‍ത്തിച്ചുവരുന്നു. എസ്എബിഎസ്, എസ്എച്ച്, മാര്‍ത്താസ് കോണ്‍വെന്റുകളും ഇടവകയില്‍ നിലവിലുണ്ട്.
ഇടവകയ്ക്ക് കീഴിലുള്ള 110 വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കൂവപ്പള്ളി കുരിശുമല മധ്യകേരളത്തിലെ ഏറ്റവും പുരാതനമായ തീർഥാടന കേന്ദ്രമാണ്. അഞ്ചിലിപ്പ, പനച്ചേപ്പള്ളി, പുളിമാവ് എന്നിവിടങ്ങളിൽ കുരിശുപള്ളികളുണ്ട്. 2000-ൽ മഹാജൂബിലിഹാൾ എന്ന പേരിൽ ആധുനികഹാളും നിർമിച്ചു.
വിളംബര റാലി
ഓഗസ്റ്റ് രണ്ടു മുതൽ 10 വരെ നടക്കുന്ന ഇടവക സ്ഥാപനത്തിന്റെ ദ്വിശതാബ്ദി ജൂബിലി സമാപന ആഘോഷങ്ങളുടെ ഭാഗമായി നാളെ വൈകുന്നേരം 4.30ന് അക്കരപ്പള്ളിയിൽനിന്നു കത്തീഡ്രലിലേക്കു വിളംബര റാലി നടക്കും. ഫ്ലോട്ടുകളും ബൈക്ക് റാലിയും പരിപാടിക്കു മോടികൂട്ടും. തുടർന്ന് ജൂബിലി പതാക ഉയർത്തൽ, തിരിതെളിക്കൽ, ജൂബിലിഗാനം, വാദ്യമേളം എന്നിവയും നടക്കും.