റിസോർട്ട് ഉടമയോട് പണം ആവശ്യപ്പെട്ട ബിജെപി നേതാവിന് എതിരേ കേസ്
1580246
Thursday, July 31, 2025 7:19 AM IST
കുമരകം: വേമ്പനാട്ട് കായൽ കൈയേറി നിർമാണം നടത്തിയെന്നാരോപിച്ച് സ്വകാര്യ റിസോർട്ട് ഉടമയോട് പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെതിരേ കുമരകം പോലീസ് കേസെടുത്തു.
ഏതാനും ആഴ്ചകൾക്കു മുൻപ് കുമരകം ലേക്ക് റിസോർട്ട് കായൽ കൽക്കെട്ട് കൈയേറി നിർമാണപ്രവർത്തനം നടത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. സംഭവം വിവാദമായപ്പോൾ കുമരകം പഞ്ചായത്ത് സ്റ്റേ നൽകുകയും നിർമാണ പ്രവർത്തനം താത്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
ബിജെപി കുമരകം മണ്ഡലം പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസൻ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയും പണം തന്നില്ലെങ്കിൽ റിസോർട്ട് തല്ലിപ്പൊളിക്കുമെന്നും പറഞ്ഞതായി കാണിച്ചാണ് റിസോർട്ട് അധികാരികൾ പോലീസിൽ പരാതി നൽകിയത്.
അഭിലാഷ് ശ്രീനിവാസൻ ആദ്യം നേരിട്ട് റിസോർട്ടിലെത്തി പണം ആവശ്യപ്പെടുകയും വഴങ്ങാതെ വന്നപ്പോൾ ബിജെപി കുമരകം മണ്ഡലം പ്രസിഡന്റിന്റെ ലെറ്റർ പാഡിൽ ഭീഷണിക്കത്ത് റിസോർട്ടിന് നൽകി എന്നുമാണ് കേസ്.