വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ്
1580306
Thursday, July 31, 2025 4:05 PM IST
അരുവിത്തുറ: ജാതി മത വർഗ വർണ്ണ ലിംഗ വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ കഴിയുന്നതാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ നേട്ടമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്.
ഇത്തരത്തിൽ മനുഷ്യനെ സമീപിക്കുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. അരുവിത്തുറ സെന്റ് ജോർജ് കോളജിൽ ഐക്യുഎസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംവാദ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ചും പോലീസുമായി ബന്ധപ്പെട്ടും വിദ്യാർഥികൾ ഉന്നയിച്ച വിവിധ ചോദ്യങ്ങൾക്ക് ഷാഹുൽ ഹമീദ് മറുപടി നൽകി.
കോളജ് ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, നാക്ക് കോഓർഡിനേറ്റർ ഡോ. മിഥുൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.