മരം വീഴട്ടെ; എന്നിട്ടു മുറിക്കാം
1580233
Thursday, July 31, 2025 7:09 AM IST
സ്കൂളിനും വില്ലേജ് ഓഫീസിനും ഭീഷണിയായി വൻമരങ്ങൾ
ഏറ്റുമാനൂർ: സ്കൂളിനും വില്ലേജ് ഓഫീസിനും വ്യാപാര സ്ഥാപനങ്ങൾക്കും ഭീഷണിയായി നിൽക്കുന്ന വന്മരങ്ങൾ വെട്ടിനീക്കാൻ തയാറാകാതെ അധികൃതർ. ഏറ്റുമാനൂർ വില്ലേജ് ഓഫീസ് വളപ്പിലാണ് അപകട ഭീഷണിയായി വന്മരങ്ങൾ നിൽക്കുന്നത്.
ദിവസേന നൂറുകണക്കിനാളുകളാണ് വില്ലേജ് ഓഫീസിൽ എത്തുന്നത്. വില്ലേജ് ഓഫീസ് വളപ്പിനോട് തൊട്ടുചേർന്നാണ് ഗവൺമെന്റ് ബോയ്സ് സ്കൂൾ കെട്ടിടം. വില്ലേജ് ഓഫീസിനു സമീപത്തുതന്നെ വ്യാപാര സമുച്ചയവുമുണ്ട്. ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോൾ ഇവിടങ്ങളിൽ എത്തുന്ന ആളുകളും നാട്ടുകാരും ഭയപ്പാടിലാണ്.
ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് മരങ്ങൾ. മരങ്ങൾ കടപുഴകുകയോ വലിയ ശിഖരങ്ങൾ ഒടിഞ്ഞു വീഴുകയോ ചെയ്യാൻ സാധ്യതയുണ്ട്. നിരവധി തവണ പരാതി പറഞ്ഞിട്ടും മരങ്ങൾ വെട്ടിമാറ്റാൻ അധികൃതർ തയ്യാറാകുന്നില്ല.
മുമ്പൊരിക്കൽ ഒരു വലിയ മരം മാത്രം വെട്ടി നീക്കിയിരുന്നു. പാഴ്മരങ്ങളായതുകൊണ്ട് ആവശ്യക്കാരുമില്ല. വെട്ടി നീക്കാൻ വലിയ തുക ചെലവാകുകയും ചെയ്യും. ഇതാണ് നടപടി ഉണ്ടാകാത്തതിന് കാരണം.
പരാതിയുമായെത്തിയ വ്യാപാരികളോട് നിങ്ങൾ വെട്ടിനീക്കിക്കൊള്ളാൻ പറഞ്ഞതായും പറയുന്നു. എന്തു തന്നെയായാലും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി വെട്ടി നീക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.