എരുമേലി ഡിവിഷൻ വിഭജനം: പരാതികളുമായി പാർട്ടികൾ
1580530
Friday, August 1, 2025 10:19 PM IST
എരുമേലി: ജില്ലാ പഞ്ചായത്തിന്റെ കരട് ഡിവിഷൻ വിഭജന നിർദേശങ്ങളിൽ എരുമേലി ഡിവിഷനെ നിർണയിച്ചതിനെതിരേ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ രംഗത്ത്. എരുമേലിയെ സംബന്ധിച്ച് അശാസ്ത്രീയ നിർദേശമാണ് മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് അവരുടെ പരാതി. തെരഞ്ഞെടുപ്പ് ഡീ ലിമിറ്റേഷന്റെ ഹിയറിംഗിൽ വിവിധ രാഷ്ട്രീയകക്ഷികൾ പരാതി ഉന്നയിച്ചു.
കഴിഞ്ഞ 31ന് തിരുവനന്തപുരത്ത് തൈക്കാട് റസ്റ്റ്ഹൗസിൽ നടന്ന ഹിയറിംഗിൽ വിവിധ രാഷ്ട്രീയകക്ഷികളുടെ നേതാക്കൾ ആക്ഷേപം ഉന്നയിച്ചത്. ആക്ഷേപം പരിശോധിച്ചു നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ അറിയിച്ചു. കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ. രാജേഷ്, സിപിഐ മണ്ഡലം കമ്മിറ്റി അംഗവും എരുമേലി ചെറുവള്ളി എസ്റ്റേറ്റ് വാർഡ് അംഗവുമായ അനുശ്രീ സാബു എന്നിവർ ഹിയറിംഗിൽ പങ്കെടുത്തു.
നിർദേശം ഇങ്ങനെ
എരുമേലി ടൗണിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളെ മറ്റു ഡിവിഷനുകളിലേക്കു മാറ്റിയാണ് കരട് നിർദേശത്തിലുള്ളത്. കാഞ്ഞിരപ്പള്ളി ഡിവിഷനിലേക്കാണ് എരുമേലി ടൗണിനോടു ചേർന്നുള്ള ചില പ്രദേശങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിർദിഷ്ട എരുമേലി വിമാനത്താവളം ഉള്‍പ്പെടുന്ന ഒഴക്കനാട്, ചെറുവള്ളി, ചേനപ്പാടി, പ്രദേശങ്ങളെ എരുമേലി ഡിവിഷനിൽനിന്ന് ഒഴിവാക്കി കാഞ്ഞിരപ്പള്ളി ഡിവിഷനിലാക്കി.
എരുമേലി ജില്ലാ ഡിവിഷനിൽ ഉൾപ്പെട്ടിരുന്ന ചേനപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിനിലാണ് കരട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതു മാറ്റി എരുമേലി ഡിവിഷനിൽ നിലനിർത്തണമെന്നാണ് നേതാക്കളുടെ ആവശ്യം. മണിമല ബ്ലോക്ക് ഡിവിഷനെ ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനിൽ ഉൾപ്പെടുത്തിയത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
"എരുമേലി ഡിവിഷനിൽനിന്ന്
വിമാനത്താവളം മാറ്റരുത്'
എരുമേലി: നിർദിഷ്ട വിമാനത്താവള പദ്ധതി പ്രദേശം ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനിൽനിന്നു മറ്റൊരു ഡിവിഷനിലേക്കു മാറ്റുന്നത് അശാസ്ത്രീയമാണെന്ന് എരുമേലി ഡെവലപ്മെന്റ് കൗണ്‍സില്‍ (ഇഡിസി) ആരോപിച്ചു.
എരുമേലിയോടു ചേര്‍ന്നുകിടക്കുന്ന മണങ്ങല്ലൂര്‍, കൊരട്ടി, കണ്ണിമല, വെണ്‍കുറിഞ്ഞി പ്രദേശങ്ങള്‍ എരുമേലി പഞ്ചായത്തിനോടു ചേര്‍ക്കണമെന്നും ടൗണിൽ മേൽപ്പാലം നിർമിക്കരുതെന്നും റിംഗ് റോഡുകൾ വികസിപ്പിക്കണമെന്നും ടൗൺ വാഹനമുക്തമാക്കി പേട്ടതുള്ളലിനായി വിശുദ്ധ പാതയാക്കി മാറ്റണമെന്നും എരുമേലി ഡെവലപ്മെന്റ് കൗണ്‍സില്‍ ഭാരവാഹികളായ മേജര്‍ എം.ജി. വർഗീസ്, ബാബു തോമസ്, എം.കെ. രാജന്, കെ.പി. മോഹനന്, സണ്ണി ഓലിക്കല്‍, കെ.എന്‍. ശ്രീകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.