പറഞ്ഞ സമയത്ത് കാര്‍ നല്‍കിയില്ല; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം
1580247
Thursday, July 31, 2025 7:19 AM IST
കോട്ടയം: വിവാഹ സമയത്തുപയോഗിക്കാനായി ബുക്ക് ചെയ്ത കാര്‍ കൃത്യസമയത്തു നല്‍കാതിരുന്നതിനു നഷ്ടപരിഹാരമായി ഹ്യുണ്ടായ് ഇന്ത്യ മോട്ടോഴ്സ് ലിമിറ്റഡ് ഒരുലക്ഷം രൂപ ഉപയോക്താവിനു നല്‍കണമെന്ന് കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് ഉത്തരവ്. കോട്ടയം കുടമാളൂര്‍ സ്വദേശിയായ ഋഷികേശ് നല്കിയ പരാതിയിലാണ് നടപടി. 2022 ജൂണ്‍ ഒന്നിന് ഷോറൂമില്‍ 10,000 രൂപ അഡ്വാന്‍സ് നല്കി കറുപ്പു നിറത്തിലുള്ള വെര്‍ണ ഡീസല്‍ കാര്‍ ബുക്ക് ചെയ്തിരുന്നു.
എന്നാല്‍ ഡെലിവറി തീയതിയില്‍ വാഹനം നല്‍കിയില്ല. ഇതുമൂലം പരാതിക്കാരന് വിവാഹാവശ്യത്തിനായി കര് വാടകയ്ക്കെടുക്കേണ്ടിവന്നു. 2023 ആദ്യം കമ്പനി ഈ മോഡല്‍ കാറുകളുടെ വില്പന നിര്‍ത്തലാക്കിയെങ്കിലും പരാതിക്കാരനെ അറിയിക്കുകയോ അഡ്വാന്‍സ് തുക തിരിച്ചുനല്‍കുകയോ ചെയ്തില്ല. തുടര്‍ന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.
ഡെലിവറി തീയതി താത്കാലികമായി മാത്രമേ നല്‍കിയിട്ടുള്ളൂവെന്നും ബുക്ക് ചെയ്ത വേരിയന്റ് നിര്‍ത്തലാക്കിയ കാര്യം പരാതിക്കാരനെ കൃത്യമായി അറിയിച്ചിരുന്നുവെന്നുമുള്ള എതിര്‍കക്ഷികളുടെ വാദം തെളിവുകളില്ലാത്തതിനാല്‍ കമ്മീഷന് അംഗീകരിച്ചില്ല.
വാഹനത്തിന്റെ നിര്‍മാണം നിര്‍ത്തുന്ന വിവരം ഡീലറെ മുന്‍കൂട്ടി അറിയിക്കുകയും ബുക്കിംഗ് സ്വീകരിക്കരുതെന്നു നിര്‍ദേശിക്കുകയും ചെയ്യേണ്ടിയിരുന്നെന്നും വീഴ്ചകള്‍ക്ക് വാഹന നിര്‍മാതാവായ ഹ്യൂണ്ടായ് ഇന്ത്യ മോട്ടോഴ്സ് ലിമിറ്റഡ് പൂര്‍ണമായും ബാധ്യസ്ഥരാണെന്നും കമ്മീഷന് അഭിപ്രായപ്പെട്ടു. പരാതിക്കാരന്റെ സമ്മതമോ മുന്‍കൂര്‍ അറിയിപ്പോ ഇല്ലാതെ ഏകപക്ഷീയമായി ഓര്‍ഡര്‍ റദ്ദാക്കിയത് സേവനം നല്‍കുന്നതിലെ പോരായ്മയും അനുചിത വ്യാപാര നയമാണെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി.
10,000 രൂപ പണം നല്കിയ തീയതി മുതൽ 12 ശതമാനം പലിശ നിരക്കില്‍ തിരികെ നല്‍കണമെന്നും പരാതിക്കാരനുണ്ടായ മാനസിക വേദനയ്ക്കും അസൗകര്യത്തിനും നഷ്ടപരിഹാരമായി ഹ്യൂണ്ടായ് ഇന്ത്യ മോട്ടോഴ്സ് ലിമിറ്റഡ് ഒരുലക്ഷം രൂപ നല്‍കണമെന്നുമാണ് അഡ്വ. വി.എസ്. മനുലാല്‍ പ്രഡിഡന്റും അഡ്വ. ആര്. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ഉത്തരവിട്ടത്.