കുടക്കച്ചിറ ഹോമിയോ ഡിസ്പെന്‍സറിക്ക് പുതിയ കെട്ടിടം; ആദ്യ ഗഡു ജില്ലാ പഞ്ചായത്ത് വക
1580538
Friday, August 1, 2025 11:21 PM IST
കുടക്കച്ചിറ: കരൂര്‍ പഞ്ചായത്തിന്റെ കുടക്കച്ചിറയിലുള്ള ഹോമിയോ ഡിസ്പെന്‍സറിക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നു. അമ്പതിലധികം വര്‍ഷം പഴക്കമുള്ള കെട്ടിടം കാലപ്പഴക്കം മൂലം ഉപയോഗശൂന്യമായിരുന്നു. രണ്ടു നിലകളായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച 10 ലക്ഷം രൂപയും ബ്ലോക്ക്-പഞ്ചായത്ത് വിഹിതമായി 25 ലക്ഷം രൂപയും നാഷണല്‍ ആയുഷ് മിഷന് മുഖേന ലഭിക്കുന്ന 30 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിട നിര്‍മാണം.
ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ പത്തു ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജു വെട്ടത്തേട്ട്, മെംബര്‍ മോളി ടോമി, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിന്‍സി കുര്യാക്കോസ്, എച്ച്എംസി അംഗങ്ങളായ ടോമി തോമസ്, എം.ടി. സജി, കെ.ആര്. അശോകന്, സജിമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.