യുവാവിനെ ആക്രമിച്ചവർ പിടിയില്‍
1580510
Friday, August 1, 2025 7:09 AM IST
ചിങ്ങവനം: യുവാവിനെ ആക്രമിച്ച് ബലമായി ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ മൂന്നു യുവാക്കളെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട നടക്കല്‍ ഭാഗം, മഠത്തിപ്പറമ്പ് വീട്ടില്‍ ലിബിന് ഷാബി(32), പത്തനംതിട്ട, മല്ലപ്പള്ളി കട്ടത്തറ വീട്ടില്‍ ഷെറിന് ദേവസ്യ(29), തൃക്കൊടിത്താനം, മാടപ്പള്ളി, അറുപറ വീട്ടില്‍ ജോസഫ് ജോസഫ്(30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകുന്നേരം നാലിന് സൂരജ് എന്ന യുവാവിനെ കുറിച്ചി മന്ദിരം കവല ഭാഗത്തുവച്ച് പ്രതികള്‍ ദേഹോപദ്രവം ഏല്പിച്ച് ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോവുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണു കേസ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ ചിങ്ങവനം പോലീസ് ചങ്ങനാശേരി പാലാത്ര ഭാഗത്തുവച്ച് സൂരജിനെ കയറ്റിക്കൊണ്ടുപോയ ഓട്ടോറിക്ഷ കണ്ടെത്തുകയും പ്രതികള്‍ മൂന്നു പേരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
എസ്എച്ച്ഒ അനില്‍കുമാര്‍, എഎസ്ഐ അഭിലാഷ്, സിപിഒമാരായ പ്രിന്‍സ്, ശ്രീലാല്‍, ഡ്രൈവര്‍ സിജോ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.