കോഴായിൽ ഫാം ഫെസ്റ്റ് വരുന്നു; നാടിന് ഉത്സവമാകും
1580318
Thursday, July 31, 2025 11:42 PM IST
കുറവിലങ്ങാട്: സയൻസ് സിറ്റിയും ജില്ലാ കൃഷിത്തോട്ടവും സംസ്ഥാന സീഡ് ഫാമും സമ്മാനിക്കുന്ന കാർഷിക കരുത്തിൽ കോഴായിൽ ഫാം ഫെസ്റ്റ് വരുന്നു. ഇതാദ്യമായാണ് ജില്ലാ കൃഷിത്തോട്ടവും സംസ്ഥാന സീഡ്ഫാമും ചേർന്ന് കാർഷികോത്സവത്തിന് ആതിഥ്യമരുളുന്നത്. ജില്ലയ്ക്കാകെ കാർഷിക മുന്നേറ്റത്തിനും ആസ്വാദനത്തിനുമുള്ള വഴിതുറക്കുന്നുവെന്നത് ഫാം ഫെസ്റ്റ് വലിയ മുന്നേറ്റമാക്കി മാറ്റും.
സെപ്റ്റംബർ 26 മുതൽ നാലു ദിവസത്തേക്കാണ് അറിവും ആവേശവും ആനന്ദവും സമ്മാനിക്കുന്ന ഉത്സവം നടക്കുക. 70 ഏക്കറോളം വരുന്ന ജില്ലാ കൃഷിത്തോട്ടത്തിനും 25 ഏക്കറുള്ള സംസ്ഥാന സീഡ്ഫാമിലും വലിയ അറിവുത്സവമാകും നടക്കുന്നത്. ജില്ലാ കൃഷിത്തോട്ടത്തിലെ പറക്കത്താനം മലയാകും ഫെസ്റ്റിന്റെ ആകർഷണ ഇനം. പറക്കത്താനത്തേക്കു കാൽനടയായും വാഹനത്തിലും പോകുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തും. കശുമാവ് തോട്ടത്തിന്റെ പേരിൽ അറിയപ്പെട്ടിരുന്ന പറക്കത്താനം മല ഇപ്പോൾ കാർഷിക സമൃദ്ധിയിലാണ് ശ്രദ്ധയാർജിക്കുന്നത്.
വിവിധ വിനോദസൗകര്യങ്ങളും കായിക മത്സരങ്ങളും ഫാം ഫെസ്റ്റിന്റെ ഭാഗമാണ്. ഫാം ഫെസ്റ്റിന്റെ ഭാഗമായി വിവിധ കമ്മിറ്റികളുടെ രൂപീകരണവും തുടർപ്രവർത്തനങ്ങളും വരുംദിവസങ്ങളിൽ നടക്കും. കൃഷിവകുപ്പും കോട്ടയം ജില്ലാ പഞ്ചായത്തും ചേർന്നാണ് ഫാം ഫെസ്റ്റിനുള്ള ക്രമീകരണങ്ങൾ നടത്തുന്നത്.