എസി കനാല്‍ പള്ളാത്തുരുത്തിയിലേക്ക് തുറന്ന് വെള്ളപ്പൊക്കദുരിതം ഒഴിവാക്കണം
1580519
Friday, August 1, 2025 7:24 AM IST
ചങ്ങനാശേരി: കുട്ടനാട്, ചങ്ങനാശേരി മേഖലകളില്‍ വെള്ളപ്പൊക്ക സമയത്ത് കരുവാറ്റ ലീഡിംഗ് ചാനലിലും ടിഎസ് കനാലിലും ജലവിതാനം താഴ്ന്നു നില്‍ക്കുമ്പോഴും എസി റോഡിന് തെക്കുഭാഗത്തുള്ള പ്രദേശങ്ങളില്‍ വെള്ളം ഉയര്‍ന്നു നില്‍ക്കുന്നത് പരിശോധിച്ച് എസി കനാല്‍ പള്ളാത്തുരുത്തിയിലേക്ക് ഉടന്‍ തുറക്കുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് എസി കനാല്‍ സംരക്ഷണ സമിതി. എസി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് റോഡ് ക്രമാതീതമായി ഉയര്‍ത്തിയതിനാല്‍ റോഡിന് തെക്കുഭാഗത്തുള്ള പ്രദേശങ്ങള്‍ വെള്ളക്കെട്ടായി മാറുകയാണ്.
തീരദേശ റെയില്‍പാതയുടെ കരുവാറ്റയിലുള്ള സ്പാനും വെള്ളമൊഴുക്കിനു തടസമാണ്. എസി റോഡിലെ ഒന്നാംകര പാലത്തിന് എസി കനാലിനു സമാനമായ വീതിയില്ലാത്തതുമൂലം മണിമലയാറ്റിലൂടെ വേമ്പനാട്ടു കായലിലേക്ക് വെള്ളം സുഗമമായി ഒഴുകുന്നില്ല. എസി കനാലില്‍ എക്കലും മാലിന്യവും നിറഞ്ഞു കിടക്കുകയുമാണ്.
ഒന്നാംകര കനാല്‍ മുഖം അടിയന്തരമായി ഡ്രഡ്ജ് ചെയ്ത് പുത്തന്തോട്ടില്നിന്നും മണിമലയാറ്റിലേക്ക് നീരൊഴുക്ക് വര്‍ധിപ്പിച്ചു തലവടി, മുട്ടാര്‍ പ്രദേശത്തെ ജലനിരപ്പ് കുറയ്ക്കുവാന്‍ സത്വരമായ നടപടികള്‍ സ്വീകരിക്കണമെന്നും എസി കനാല്‍ സംരക്ഷണ സമിതി സമ്മേളനം ആവശ്യപ്പെട്ടു.
കനാല്‍ സംരക്ഷണ സമിതി ചെയര്മാന് നൈനാന് മുളപ്പാമഠം ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ മുട്ടാര്‍ സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. തെമ്മിക്കുട്ടി വാളംപറമ്പില്‍ വിഷയാവതരണം നടത്തി. അലക്സാണ്ടര്‍ പുത്തന്‍പുര, ജോര്‍ജുകുട്ടി കണിച്ചേരി, ലിബിമോള്‍ വര്‍ഗീസ്, അപ്പച്ചന്‍കുട്ടി ആശാംപറമ്പില്‍, ലാലിച്ചന്‍ മുട്ടാര്‍, ജോണപ്പന് ചീരംവേലി എന്നിവര്‍ പ്രസംഗിച്ചു.